ത്രില്ലർ പോരിൽ പഞ്ചാബിനെ 2 റൺസിന് വീഴ്ത്തി രാജസ്ഥാൻ;20–ാം ഓവറിൽ ഒരു റൺ മാത്രം
ദുബായ്∙ ബാറ്റ്സ്മാൻമാർ നിറഞ്ഞാടിയ ഐപിഎൽ പോരാട്ടത്തിൽ പന്തുകൊണ്ട് തകർപ്പൻ ട്വിസ്റ്റ് സമ്മാനിച്ച യുവ ഇന്ത്യൻ ബോളർ കാർത്തിക് ത്യാഗിയുടെ മികവിൽ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ വിജയം. 19–ാം ഓവർ പൂർത്തിയാകും വരെ വിജയമുറപ്പിച്ചു കളിച്ച പഞ്ചാബ് കിങ്സിനെ തകർപ്പൻ ഡെത്ത് ഓവർ ബോളിങ്ങിലൂടെ പിടിച്ചുകെട്ടി ത്യാഗി രാജസ്ഥാന് സമ്മാനിച്ചത് രണ്ടു റൺസിന്റെ അപ്രതീക്ഷിത വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 185 റൺസിന് പുറത്തായി. പഞ്ചാബിന്റെ മറുപടി 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 183 റൺസിൽ അവസാനിച്ചു. വിജയത്തോടെ രാജസ്ഥാൻ എട്ടു കളികളിൽനിന്ന് എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറു പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. ഒറ്റ ഓവറിൽ കളിതിരിച്ച ത്യാഗിയാണ് കളിയിലെ കേമൻ.
നിർണായകമായി മാറിയ 20–ാം ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് പിഴുതാണ് കാർത്തിക് ത്യാഗി രാജസ്ഥാന് തകർപ്പൻ വിജയം സമ്മാനിച്ചത്. ത്യാഗിക്കു പുറമേ 19–ാം ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് രാജസ്ഥാന് പ്രതീക്ഷ നൽകിയ മുസ്താഫിസുർ റഹ്മാനും നൽകണം കയ്യടി. ത്യാഗി 20–ാം ഓവർ എറിയാനെത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് നാലു റൺസ് മാത്രം. മൂന്നു റൺസെടുത്താൽ മത്സരം ടൈ. ക്രീസിൽ 18 പന്തിൽ 25 റൺസുമായി എയ്ഡൻ മർക്രവും 21 പന്തിൽ 32 റൺസുമായി നിക്കോളാസ് പുരാനും.
ഓവറിലെ ആദ്യ പന്ത് ഡോട്ട് ബോളാക്കിയ ത്യാഗി, അടുത്ത പന്തിൽ ഒരു റൺ വഴങ്ങി. പഞ്ചാബിന് വിജയത്തിലേക്കു വേണ്ടത് രണ്ടു പന്തിൽ മൂന്നു റൺസ്. അടുത്ത പന്തിൽ നിക്കോളാസ് പുരാനെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ത്യാഗി ഞെട്ടിച്ചു. അപ്പോഴും പഞ്ചാബിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പകരമെത്തിയത് ദീപക് ഹൂഡ. നാലാം പന്തും ത്യാഗി ഡോട്ട് ബോളാക്കിയതോടെ പഞ്ചാബ് അപകടം മണത്തു. അടുത്ത പന്തിൽ ഹൂഡ പുറത്ത്. വീണ്ടും സഞ്ജുവിന് ക്യാച്ച്. പകരമെത്തിയ ഫാബിയൻ അലന് അവസാന പന്തിൽ റണ്ണെടുക്കാനാകാതെ പോയതോടെ രാജസ്ഥാന് രണ്ടു റൺസിന്റെ അവിശ്വസനീയ വിജയം!
ത്യാഗി മത്സരത്തിലാകെ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ചേതൻ സകാരിയ മൂന്ന് ഓവറിൽ 31 റണ്‍സ് വഴങ്ങിയും രാഹുൽ തെവാത്തിയ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ഇതോടെ, പഞ്ചാബിനായി ഓപ്പണർമാരായ മയാങ്ക് അഗർവാൾ, കെ.എൽ. രാഹുൽ എന്നിവർ നടത്തിയ തകർപ്പൻ പോരാട്ടം വിഫലമായി. മത്സരത്തിലെ ഏക അർധസെഞ്ചുറി കുറിച്ച അഗർവാൾ 43 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കൂടിയായ രാഹുൽ 33 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 11.5 ഓവറിൽ ഇരുവരും ചേർന്ന് പഞ്ചാബിനായി അടിച്ചുകൂട്ടിയത് 120 റൺസാണ്. പിന്നീട് ആറു റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 39 പന്തിൽ 57 റൺസടിച്ചുകൂട്ടി നിക്കോളാസ് പുരാൻ – എയ്ഡൻ മർക്രം സഖ്യം പഞ്ചാബിനെ വിജയത്തിന്റെ വക്കിലെത്തിച്ചു. പിന്നീടായിരുന്നു രാജസ്ഥാന്റെ അവിശ്വസനീയ തിരിച്ചുവരവും വിജയവും.
നിക്കോളാസ് പുരാൻ 22 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത് പുറത്തായപ്പോൾ, കന്നി ഐപിഎൽ മത്സരം കളിക്കുന്ന എയ്ഡൻ മർക്രം 20 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു.
∙ തകർത്തടിച്ച് രാജസ്ഥാനും
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 185 റൺസിനു പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാൾ (36 പന്തിൽ 49), മഹിപാൽ ലൊംറോർ (17 പന്തിൽ 43), എവിൻ ലൂയിസ് (21 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൻ (17 പന്തിൽ 25) എന്നിവരെല്ലാം ബാറ്റു കൊണ്ടു കാര്യമായ സംഭാവനകൾ നൽകി. ക്യാപ്റ്റൻ സഞ്ജു സാംസൺ (5 പന്തിൽ 4) നിരാശപ്പെടുത്തി.
പഞ്ചാബിനായി അർഷ്ദീപ് സിങ് 4 ഓവറിൽ 32 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും തിളങ്ങി. രാജസ്ഥാനായുള്ള ആദ്യ മത്സരത്തിൽ 21 പന്തിൽ 7 ഫോറും ഒരു സിക്സുമടിച്ച ലൂയിസ് ആരാധകരെ രസിപ്പിച്ചതിനു ശേഷമാണു മടങ്ങിയത്. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്.
ഇഷാൻ പോറേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനു ക്യാച്ച് നൽകിയാണു സഞ്ജു പുറത്തായത്. പിന്നാലെ 17 ബോളിൽ 2 ഫോറും ഒരു കൂറ്റൻ സിക്സുമടിച്ചു ലിയാം ലിവിങ്സ്റ്റൻ തകർപ്പൻ ഫോം സൂചന നൽകിയതാണ്. എന്നാൽ അർഷ്ദീപിനെ സിക്സടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിനു സമീപം തകർപ്പൻ ഡൈവിലൂടെ ഫാബിയൻ അലൻ ലിവിങ്സ്റ്റനെ പിടികൂടി. കരുതലോടെ കളിച്ച യുവതാരം യശസ്വി ജെയിസ്വാൾ അർധ സെഞ്ചുറിക്ക് ഒരു റൺ അകലെ വീണത് ആരാധകർക്കു നിരാശയായി. ഹർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്.
എന്നാൽ ദീപക് ഹൂഡ എറിഞ്ഞ 16–ാം ഓവറിൽ 2 വീതം സിക്സും ഫോറുമടക്കം 24 റൺസ് അടിച്ച് മഹിപാൽ ലോംറോർ രാജസ്ഥാൻ കുതിപ്പിന്റെ വേഗം കൂട്ടി. വെറും 17 പന്തിൽ 4 സിക്സും 2 ഫോറും അടക്കം 43 റൺസ് അടിച്ചുകൂട്ടിയ ലോംറോന്റെ വിക്കറ്റും അർഷ്ദീപ് സിങ് തന്നെയാണു വീഴ്ത്തിയത്. പിന്നീടു ഡെത്ത് ഓവറുകളിൽ 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി പഞ്ചാബിനെ മത്സരത്തിൽ തിരികെയെത്തിച്ചു. 19–ാം ഓവറിൽ 3 റൺസ് മാത്രം വഴങ്ങിയ ഷമി രാഹുൽ തെവാത്തിയ (2), ക്രിസ് മോറിസ് (5) എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ 200നടുത്ത സ്കോർ നേടാമെന്ന രാജസ്ഥാൻ സ്വപ്നവും പൊലിഞ്ഞു.