സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും,അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ വേനൽ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്തെ കനത്ത വേനൽമഴയിൽ കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലിൽ ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറയിലും വീട് തകർന്നു. ഇടുക്കിയിൽ പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടും വെള്ളറട,കിളിയൂരിൽ സത്യരാജിന്റെ വീടുമാണ് തകർന്നത്. പാലക്കാട് അമ്പലപ്പാറയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.