ഇടുക്കിയിലെ കൗമാരക്കാർ ഇടയനോടൊപ്പം കുരിശുമലയിലേക്ക്


ഇടുക്കി രൂപതയിലെ കൗമാരക്കാർ നാളെ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിനോടൊപ്പം കുരിശുമലയറും. ഇടുക്കി രൂപതയുടെ ഔദ്യോഗിക കുരിശുമല തീർത്ഥാടന കേന്ദ്രവും ജൂബിലിയുടെ പ്രത്യേക തീർത്ഥാടന കേന്ദ്രവുമായ എഴുകുംവയൽ കുരിശുമലയിലേക്ക് നാളെ ഇടയനോടൊപ്പം നൂറുകണക്കിന് കൗമാരക്കാർ പ്രാർത്ഥനാപൂർവ്വം മലകയറും. രാവിലെ 7 30 മുതൽ എഴുകുംവയൽ നിത്യസഹായ മാതാ ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധന നടക്കും. വിവിധ ഇടവകകളിൽ നിന്നുള്ള 11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇവിടെ എത്തിച്ചേരും. എട്ടുമണിക്ക് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാപൂർവ്വം തീർത്ഥാടനം ആരംഭിക്കും. ടൗൺ കപ്പേളയിൽ എത്തിച്ചേരുമ്പോൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലും. വർത്തമാന കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിയുടെ വ്യാപനത്തിൽ നിന്നും സമൂഹത്തെയും പുതുതലമുറയെയും രക്ഷിക്കുക എന്നത് ഈ തീർത്ഥാടനത്തിന്റെ പ്രധാന നിയോഗമാണ്.
രൂപതയിലെ കെസിവൈഎം മിഷൻ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. മലമുകളിൽ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തീർത്ഥാടനത്തിന്റെ ഭാഗമാകുന്ന വിദ്യാർത്ഥികൾക്ക് കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മലമുകളിൽ ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന എല്ലാവർക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്യുന്നതാണ്. ജീവിതത്തിലെ സഹനങ്ങൾ രക്ഷയിലേക്കുള്ള ഒറ്റയടി പാതയാണ് എന്ന് പുതുതലമുറയ്ക്ക് ബോധ്യം ഉണ്ടാകുന്നതിനും സഹനങ്ങൾ രക്ഷാകരമാണ് എന്ന തിരിച്ചറിവിലേക്ക് അവർ എത്തിച്ചേരുന്നതിനും ഈ തീർത്ഥാടനം ഉപകരിക്കുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. സമൂഹത്തെ ഗൗരവമായി ബാധിച്ചിരിക്കുന്ന ലഹരിയുടെ പിടിയിൽ നിന്നും പുതുതലമുറ മാറി ചിന്തിക്കുന്നതിനും ത്യാഗം സഹിച്ചുള്ള ആത്മീയ ശീലങ്ങൾ ജീവിതത്തിന്റെ പുതു ലഹരിയായി രൂപാന്തരപ്പെടുന്നതിനും ഇത്തരം തീർത്ഥാടനം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈദികരുടെയും സമർപ്പിതരുടെയും മതാധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. തീർത്ഥാടകരായ എത്തിച്ചേരുന്ന മുഴുവനാളുകളെയും സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് വട്ടമല അറിയിച്ചു. ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജോസഫ് നടുപ്പടവിൽ, സെസിൽ ജോസ്, സാം സണ്ണി എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകും.