ക്രൊയേഷ്യയെ ലോകഫുട്ബോളിൽ അടയാളപ്പെടുത്തിയ കരിയർ; ലൂക്ക മോഡ്രിച്ചിന് പിറന്നാൾ
ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം ലൂക്ക മോഡ്രിച്ച് ഇന്ന് 39-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡറായി മാറിയ താരം. 1985 സെപ്റ്റംബര്‍ ഒമ്പതിന് ക്രൊയേഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തിലാണ് ലൂക്കയുടെ ജനനം. ചെറുപ്പത്തില്‍ മുത്തച്ഛനൊപ്പം ലൂക്ക പന്തുതട്ടി. എന്നാല്‍ കാര്യങ്ങള്‍ മറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.
1991ല്‍ യുഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൊയേഷ്യയുടെ പോരാട്ടം തുടങ്ങി. സെര്‍ബിയന്‍ സൈന്യം മോഡ്രിചി ആക്രമിച്ചു. ലൂക്കയുടെ മുത്തച്ഛന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സെര്‍ബിയന്‍ സൈന്യം വീടിന് തീവെച്ചു. ഇതോടെ ലൂക്കയുടെ കുടുംബം അഭയാര്‍ത്ഥികളായി.
സദര്‍ എന്ന ഗ്രാമത്തിലായി ലൂക്കയുടെയും കുടുംബത്തിന്റെയും പിന്നീടുള്ള താമസം. ഒരു ഹോട്ടലിന്റെ അഭയകേന്ദ്രത്തിലാണ് ആ കുടുംബം ജീവിതം തുടര്‍ന്നത്. ലൂക്കയുടെ പിതാവ് സ്റ്റൈപ്പ് മോഡ്രിച്ച് ക്രൊയേഷ്യന്‍ സൈനികര്‍ക്കായി വാഹനങ്ങള്‍ നന്നാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. മാതാവ് റഡോയ്ക്കാ മോഡ്രിച്ചിന് ഒരു തുണിക്കടയിലായിരുന്നു ജോലി. ഹോട്ടലിലെ പാര്‍ക്കിങ്ങില്‍ ലൂക്ക കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു..
അധികം താമസിക്കാതെ തന്നെ ക്രൊയേഷ്യ സ്വാതന്ത്ര്യം പ്രാപിച്ചു. പിന്നാലെ ലൂക്ക മോഡ്രിച്ച് സ്‌കൂളിലും ഒപ്പം ഫുട്‌ബോള്‍ പരിശീലനത്തിനും പോകുവാന്‍ തുടങ്ങി. എന്‍ കെ സദറിന്റെ യൂത്ത് ക്ലബാണ് ലൂക്കയുടെ ആദ്യ കളിത്തട്ടില്‍. 2001ല്‍ ദിനാമോ സാഗ്രെബിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിന് മോഡ്രിച്ച് തുടക്കം കുറിച്ചു. 2008ല്‍ ക്രൊയേഷ്യ വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്.
ടോട്ടനം ഹോട്ട്‌സ്പറായിരുന്നു പ്രീമിയര്‍ ലീഗിലെ ലൂക്കയുടെ കളിസ്ഥലം. മറ്റാരില്‍ നിന്നും വ്യത്യസ്തമാക്കുന്ന സാങ്കേതിക തികവ്, കളത്തില്‍ പ്രകടിപ്പിക്കുന്ന കൂര്‍മ്മബുദ്ധി, മധ്യനിരയില്‍ കളി നിയന്ത്രിക്കാനുള്ള കഴിവ്, പാസുകളിലൂടെ അവസരങ്ങള്‍ സൃഷ്ടിക്കല്‍.. അങ്ങനെ ലൂക്കയുടെ കഴിവുകള്‍ ലോകഫുട്‌ബോളില്‍ വര്‍ണിക്കപ്പെട്ടു. 2010-11 സീസണിനിടെ ടോട്ടനത്തില്‍ നിന്ന് ലൂക്കയെ സ്വന്തമാക്കാന്‍ ചെല്‍സി ശ്രമം തുടങ്ങി. എന്നാല്‍ ക്രൊയേഷ്യന്‍ സൂപ്പര്‍താരത്തെ ചെല്‍സിക്ക് വിട്ടുകൊടുക്കാന്‍ ടോട്ടനം തയ്യാറായില്ല. ഒടുവില്‍ അന്ന് ജോസ് മൗറീഞ്ഞോ പരിശീലകനായിരുന്ന സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ലൂക്ക കളംമാറ്റി ചവുട്ടി.
സ്പാനിഷ് ക്ലബിലാണ് ലൂക്ക നേട്ടങ്ങളുടെ കൊടുമുടിയിലെത്തിയത്. 500ലധികം മത്സരങ്ങള്‍ ലൂക്ക മാഡ്രിഡിനൊപ്പം കളിച്ചു. ആറ് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ്, അഞ്ച് തവണ സൂപ്പര്‍ കപ്പ്, അഞ്ച് തവണ ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയ കിരീടങ്ങള്‍ ലൂക്കയുടെ കരിയറിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടു. റയലിനൊപ്പം ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമാണ് ലൂക്ക. ഇതുവരെ റയല്‍ താരത്തിന് 27 കിരീടങ്ങളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫൈനലിസ്റ്റുകളായതാണ് രാജ്യത്തിനൊപ്പം ലൂക്കയുടെ വലിയ നേട്ടം. അന്നാദ്യമായി ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ക്രൊയേഷ്യന്‍ ടീമിൻറെ നായകനെ തേടിയെത്തിയത് ഫു്ടബോളിലെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ ബലോന്‍ ദ് ഓര്‍ പുരസ്‌കാരമാണ്. അതും 10 വര്‍ഷമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കയ്യടിക്കിവെച്ചിരുന്ന പുരസ്‌കാരമാണ് ക്രൊയേഷ്യന്‍ നായകന്‍ സ്വന്തമാക്കിയത്. 2022-23 നേഷന്‍സ് ലീഗിലും ലൂക്കയുടെ നായകമികവില്‍ ക്രൊയേഷ്യ ഫൈനല്‍ കളിച്ചു.
വീണ്ടുമൊരു നേഷന്‍സ് ലീഗ് കളിച്ചുകൊണ്ടിരിക്കുകയാണ് ലൂക്ക. 39കാരനായ താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത് പോളണ്ടിനെതിരെ നടന്ന മത്സരത്തിലെ വിജയത്തോടെയാണ്. വെറും വിജയമല്ല, 52-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ കാലില്‍ നിന്ന് പിറന്ന ഫ്രീക്വിക്ക് ഗോളാണ് ക്രൊയേഷ്യന്‍ സംഘത്തെ വിജയതീരത്തെത്തിച്ചത്.
ഇതിഹാസ താരത്തിന് ജന്മദിനാശംസകള്‍.