കാത്തിരിപ്പ് കേന്ദ്രങ്ങൾ ശുചിയാക്കും; ക്ലീൻ മരിയാപുരം പദ്ധതിക്കു തുടക്കം
മരിയാപുരം ∙ ഡീൻ കുര്യാക്കോസ് എംപി ചെയർമാനായ ഇടുക്കി കെയർ ഫൗണ്ടേഷൻ മരിയാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ലീൻ മരിയാപുരം പദ്ധതിക്കു തുടക്കം കുറിച്ചു.
പഞ്ചായത്തിലെ പതിന്നാല് കാത്തിരിപ്പ് കേന്ദ്രങ്ങൾ ശുചിയാക്കുന്ന ദൗത്യമാണ് ഐസിഎഫ് ഏറ്റെടുത്തിട്ടുള്ളത്. ലോക്ഡൗൺ സമാപിക്കാനിരിക്കെ കാത്തിരിപ്പു കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ. ക്ലീൻ മരിയാപുരം പദ്ധതിയുടെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. മരിയാപുരം യൂണിറ്റ് പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷനായിരുന്നു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, പ്രജിനി ടോമി, സിന്ധു രഘുനാഥ്, ഡെന്നി ബെന്നി, അനുമോൾ കൃഷ്ണൻ, ജിൻസി റോബിൻ, നിർമല ലാലിച്ചൻ, ജോബി ഇരൂരിക്കൽ, എസ്.ശ്രീലാൽ, തങ്കച്ചൻ വേമ്പേനി, ലിജോ ജോസഫ്, ജിജി സെബാസ്റ്റ്യൻ, ബിജോമോൻ കരിക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലും ട്രസ്റ്റ് പഞ്ചായത്തിൽ സജീവമാണ്.
പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയാണ് പ്രധാനം. നിർധനരായ മൂന്നു പേർക്കുള്ള ഭവനങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. അഞ്ചേക്കറോളം തരിശുഭൂമി ഏറ്റെടുത്തു വിവിധയിനം പച്ചക്കറികൾ, വാഴ തുടങ്ങിയ കൃഷികൾ ചെയ്തു തുടങ്ങി. കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചു കൊടുക്കുന്നതിനും ട്രസ്റ്റ് പ്രവർത്തകർ സജീവമാണ്.