പാർട്ടിയെ നയിക്കാൻ എം എ ബേബി


സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഐഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
പാർട്ടിക്കുള്ളിൽ പ്രയോഗികവാദിയായ കമ്യൂണിസ്റ്റ് ആയാണ് എം എ ബേബി അറിയപ്പെടുന്നത്. പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തുമ്പോഴും ലോകത്തെ മാറ്റങ്ങൾ പിന്തുടരുന്നതിലും അവ ഉൾക്കൊള്ളുന്നതിലും ബേബി മറ്റു പല നേതാക്കളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
പ്രത്യയശാസ്ത്ര പ്രതിബദ്ധത, പ്രായോഗിക സമീപനങ്ങൾ, സാംസ്‌കാരികരംഗവുമായുള്ള അടുപ്പം, ആശയവ്യക്തതയും ഉറച്ച നിലപാടുകളും എം എ ബേബി എന്ന കമ്യൂണിസ്റ്റ് നേതാവിനെ കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയ സവിശേഷതകൾ ഇതൊക്കെയാണ്. സിപിഐഎമ്മിന്റെ വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ നിൽക്കുമ്പോൾ തന്നെ പുതിയ ആശയങ്ങളുമായി സംവദിക്കാൻ ബേബിക്ക് മടിയുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് തത്വങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും സമീപനങ്ങളിൽ കടുംപിടുത്തക്കാരനായിരുന്നില്ല എം എ ബേബി. പരന്ന വായനയും ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാനുള്ള ത്വരയും ക്രിയാത്മകമായ സംവാദങ്ങൾക്കുള്ള സന്നദ്ധതയും കമ്യൂണിസ്റ്റ് പാർ്ട്ടിയിൽ വ്യത്യസ്തനായ ഒരു നേതാവാക്കി മാറ്റി.
1954 ഏപ്രിൽ അഞ്ചിന് കൊല്ലം പ്രാക്കുളത്ത് അധ്യാപകനായിരുന്ന കുന്നത്ത് പി എം അലക്‌സാണ്ടറുടേയും ലില്ലിയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച എം എ ബേബിയുടെ വിദ്യാഭ്യാസം പ്രാക്കുളം എൻ എസ് എസ് ഹൈസ്‌ക്കൂളിലും കൊല്ലം എസ് എൻ കോളജിലുമായിരുന്നു. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ ബേബി എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നീ സംഘടനകളിൽ സജീവമായിരുന്നു. 1975-ൽ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായ ബേബി 1979-ൽ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 1986-ൽ 32-ാം വയസ്സിൽ രാജ്യസഭാംഗമായ ബേബി 1992-1998 കാലയളവിലും രാജ്യസഭാംഗമായിരുന്നു. 1987-ൽ ഡി ഐ എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. 1989ൽ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും 1992-ൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായി. 2002-ൽ സി പി ഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ എം എ ബേബി 2006-ലും 2011-ലും കുണ്ടറയിൽ നിന്നും നിയമസഭാംഗമായി. 2006- 2011 എം എ ബേബി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ പാഠപുസ്തകത്തിലെ മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം വിവാദമായതിനു പിന്നാലെ, ക്രൈസ്തവ സഭയുമായി സ്വാശ്രയ കോളജ് അടക്കമുള്ള വിഷയങ്ങളിൽ വലിയ ഏറ്റുമുട്ടലുകൾക്കിടയാക്കി. എം എ ബേബി രണ്ടാം മുണ്ടശ്ശേരി ആകാൻ ശ്രമിക്കുകയാണെന്ന മട്ടിലുള്ള പ്രചാരണങ്ങൾ മതമേലധ്യക്ഷന്മാരുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
വിഭാഗീയതയുടെ ഇരയായി പൊളിറ്റ് ബ്യൂറോയിലെത്താൻ വൈകിയെങ്കിലും 2012 മുതൽ എം എ ബേബി പി ബിയിലുണ്ട്. സംസ്‌കാരിക നായകന്മാരെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ നിർണായകസ്ഥാനം വഹിച്ചിട്ടുള്ള എം എ ബേബി മാനവീയം പരിപാടിയുടെ മുഖ്യസംഘാടകനുമായിരുന്നു. സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവൽക്കരിക്കുന്നതിൽ മുൻകൈയെടുത്ത എം എ ബേബി തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെ യാഥാർത്ഥ്യമാക്കുന്നതിനു പിന്നിലും പ്രധാന ഇടപെടലുകൾ നടത്തിയത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നീ നേതാക്കളെപ്പോലെ സർവസമ്മത പ്രതിച്ഛായ ഇല്ലെങ്കിലും പാർട്ടിക്കുള്ളിലെ സൈദ്ധാന്തികനും പ്രായോഗികവാദിയും ബുദ്ധിജീവിയുമെന്ന പ്രതിച്ഛായ ബേബിക്ക് സഹായകമാകാനാണ് സാധ്യത.