മലയോര പ്രദേശത്തെ എല്ലാ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍
മരിയാപുരം ഗ്രാമപഞ്ചായത്ത് ജല ബഡ്ജറ്റ് മന്ത്രി പ്രകാശനം ചെയ്തു
മലയോര പ്രദേശത്തെ എല്ലാ ഭവനങ്ങളിലും സമയബന്ധിതമായി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍. മരിയാപുരം ഗ്രാമപഞ്ചായത്ത് ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും പഞ്ചായത്ത് ജല ബഡ്ജറ്റ് പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ ശരീരത്തിന് ദോഷകരമായ ബാക്റ്റീരിയകളെ ജലത്തില്‍ നിന്നും നീക്കംചെയ്ത് ഗുണനിലവാരമുള്ള കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റോഡുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനായി റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തുകയും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് പ്രദീപ് വി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ന്യൂ മൗണ്ട് സ്വദേശി ബിനീഷ് സി പിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കുടിവെള്ള കണക്ഷന്‍ ബിനീഷിന് സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. തുടര്‍ന്ന് മരിയപുരം പഞ്ചായത്തിലെ പ്രതിഭ ക്ലബ്ബ് ലൈബ്രറിയിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 30,000 രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും മരിയാപുരം പഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെയും നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ 2020- 24 പദ്ധതിയിലൂടെ പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 3545.47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളില്‍ 155.97 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 1807 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കല്‍, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി – ചെറുതോണി ഡാമില്‍ ഫ്ളോട്ടിംഗ് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതുതായി സ്ഥാപിക്കുന്ന 35 എംഎല്‍ഡി ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച് വിമലഗിരി, മൗണ്ട്, നാരകക്കാനം, ഡബിള്‍കട്ടിംഗ് എന്നീ സ്ഥലങ്ങളിലെ സംഭരണ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും ഗാര്‍ഹിക കണക്ഷന്‍ വഴി വീടുകളിലേക്കെത്തിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രന്‍, മരിയാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ആലിസ് വര്‍ഗീസ്, റിന്റാമോള്‍ വര്‍ഗീസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പോള്‍, സിന്ധു കെ എസ്, നിര്‍മ്മല ലാലച്ചന്‍, വിനോദ് വര്‍ഗീസ്, ബീന ജോമോന്‍, ബെന്നിമോള്‍ രാജു, സെബിന്‍ വര്‍ക്കി, ബിന്‍സി റോബി, ജിജോ ജോര്‍ജ്, അനുമോള്‍ കൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റെനി ഷിബു, ഇടുക്കി സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, മരിയാപുരം പഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവേല്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, കേരള ഹൗസിംഗ് ബോര്‍ഡ് അംഗം ഷാജി കാഞ്ഞമല, കട്ടപ്പന പ്രൊജക്റ്റ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സുധീര്‍, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ ഫെനില്‍ ജോസ്, റെജി അഗസ്റ്റിന്‍, ടോമി ഇളംതുരുത്തിയില്‍, റോബിന്‍ ജോസഫ്, ജോബി തയ്യില്‍, അനില്‍ കൂവപ്ലാക്കല്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, അനില്‍ കാരക്കന്‍, ജോസഫ്, രാധ റാം, ജോസഫ് പൗവ്വത്തില്‍, എ എസ് മഹേന്ദ്രന്‍ ശാന്തി എന്നിവര്‍ പങ്കെടുത്തു.