അതൃപ്തി തുടര്‍ന്ന് കെ സുധാകരന്‍; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മടങ്ങി

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ അതൃപ്തിയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെയാണ് സുധാകരന്റെ മടക്കം.
എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് കെ സുധാകരന്റെ അതൃപ്തി പരസ്യമാക്കിയുള്ള ഈ നടപടി. എന്നാല്‍ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടില്‍ പരിപാടി ഉള്ളത് കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കുനാണ് തീരുമാനമെന്നും സൂചനയുണ്ട്. സിപിഐ വിട്ട നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സി സി മുകുന്ദനെ പിന്തുണക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ട്.
കഴിഞ്ഞ ദിവസം നേതൃത്വവുമായി അതൃപ്തിയില്‍ കഴിയുന്ന കെ സുധാകരനെ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയത്. മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇവരെയും സണ്ണി ജോസഫ് കണ്ടത്. കണ്ണൂരില്‍ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീതായിരുന്നു സണ്ണി ജോസഫ് നല്‍കിയത്.
കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നത്. കെ സുധാകരന് പകരം ആര് മത്സരിക്കുമെന്നുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമൃത രാമകൃഷ്ണന്‍, ടി ഒ മോഹനന്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. എംപിമാരില്‍ സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ കൂടുതല്‍ നേതാക്കള്‍ അവകാശവാദവുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സണ്ണി ജോസഫ് അനുനയ ചര്‍ച്ച നടത്തിയത്.













































































