കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. 99.6 കോടി രൂപയുടെ പദ്ധതി
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. 99.6 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി നല്‍കിയിട്ടുള്ളത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിലെ 70,85000 ഗ്രാമീണ ഭവനങ്ങളില്‍ 17 ലക്ഷം വീടുകളില്‍ മാത്രമാണ് കുടിവെള്ള കണക്ഷനുകള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 36 ലക്ഷമാക്കി ഉയര്‍ത്താന്‍ സംസ്ഥാനസര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന യോഗത്തില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് പ്രദീപ് വി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ 161.56 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 5015 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കല്‍, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടുക്കി – ചെറുതോണി ഡാമില്‍ ഫ്‌ളോട്ടിങ്ങ് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതിയതായി സ്ഥാപിക്കുന്ന 35 എംഎല്‍ഡി ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച് കാല്‍വരിമൗണ്ട്, കാല്‍വരി ചര്‍ച്ച്, കുട്ടന്‍ കവല, പുഷ്പഗിരിമേട് എന്നീ സ്ഥലങ്ങളിലെ സംഭരണ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും ഗാര്‍ഹിക കണക്ഷന്‍ വഴി വീടുകളിലേക്കെത്തിക്കും.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 30,000 രൂപയുടെ പുസ്തകങ്ങള്‍ കാമാക്ഷി സഹൃദയ ലൈബ്രറിക്ക് മന്ത്രി കൈമാറി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെസ്സി തോമസ് കാവുങ്കല്‍, റിന്റാമോള്‍ വര്‍ഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളാമഠം, ചിഞ്ചുമോള്‍ ബിനോയി, റെനി റോയി, എം ജെ ജോണ്‍, ഷെര്‍ലി ജോസഫ്, എന്‍ ആര്‍ അജയന്‍, റീന സണ്ണി, വി എന്‍ പ്രഹ്ലാദന്‍, ജോസ് തൈച്ചേരി, ജിന്റു ബിനോയ്, ഷൈനി മാവേലിയില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം വി ജോര്‍ജ്, കട്ടപ്പന പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സുധീര്‍, കാര്‍ഷിക വികസന ബാങ്ക് പ്രതിനിധി മൈക്കിള്‍ പുതുപ്പറമ്പില്‍, തങ്കമണി ആപ്‌കോസ് പ്രസിഡന്റ് വി വി കുഞ്ഞുകുട്ടി, വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ അനീഷ് എം കെ, കെ ജെ ഷൈന്‍, ചെറിയാന്‍ കട്ടക്കയം, ജോയി കാട്ടുപാലം, സന്തോഷ് കെ എസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.