നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുകിട്ടും; ‘തുണ’ പോർട്ടലിൽ പുതിയ മൂന്ന് സൗകര്യങ്ങൾ കൂടി
തിരുവനന്തപുരം: പൊലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈൻ വഴി അപേക്ഷിക്കാനുളള ‘തുണ പോര്‍ട്ടലി’ല്‍ മൂന്നു സൗകര്യങ്ങള്‍ കൂടി അധികമായി ഏര്‍പ്പെടുത്തി. നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാനുള്ള സംവിധാനം അടക്കമുള്ള മൂന്ന് സൗകര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഉദ്ഘാടനം ഡിജിപി അനില്‍ കാന്ത് നിര്‍വഹിച്ചു.
നഷ്ടപ്പെട്ട വസ്തുക്കള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷണത്തിനു കൈമാറുക, കണ്ടുകിട്ടിയാല്‍ മടക്കിനല്‍കുക, പരാതി പിൻവലിച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കുക, കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ അതു വ്യക്തമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ‘തുണ’യില്‍ ഉള്‍പ്പെടുത്തിയത്.ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പൊലീസിനെയും സ്പെഷ്യല്‍ ബ്രാഞ്ചിനെയും തുണ പോര്‍ട്ടല്‍ വഴി അറിയിക്കാം. സ്റ്റേഷനില്‍നിന്ന് അപേക്ഷകനെ ബന്ധപ്പെട്ട് അനുമതി നോട്ടീസ് കൈമാറും.
മോട്ടര്‍വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ പണമടച്ച് വാങ്ങാൻ ഇൻഷുറൻസ് കമ്ബനികള്‍ക്ക് അവസരം നല്‍കുന്ന സംവിധാനവും പോര്‍ട്ടലില്‍ നിലവില്‍ വന്നു. ചികിത്സ, അപകടത്തിലെ മുറിവ്, വാഹന രജിസ്ട്രേഷൻ തുടങ്ങി 13 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഓരോ രേഖയ്ക്കും 100 രൂപ വാങ്ങി ഇൻഷുറൻസ് കമ്ബനികള്‍ക്കു ലഭ്യമാക്കുക.
ആക്സിഡന്റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി, പരാതി നല്‍കല്‍, ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ എന്നീ സൗകര്യങ്ങള്‍ ‘തുണ’യില്‍ നിലവിലുണ്ട്. അപേക്ഷയുടെ സ്ഥിതി പോര്‍ട്ടലിലൂടെയും എസ്‌എംഎസ് ആയും അറിയാൻ കഴിയും. എഫ്‌ഐആര്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.