സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ നിയമിച്ചു
തിരുവനന്തപുരം> മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ വിരമിച്ച മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്തി നിയമനം നടത്തിയതായി സര്‍ക്കാര്‍ ഉത്തരവ്. സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങള്‍. ഡോ. ലിനറ്റ് ജെ മോറിസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി നിയമിച്ചു. കൊല്ലം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. രശ്മി രാജനെ കൊല്ലത്തേക്ക് മാറ്റി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. എസ് പ്രതാപിനെ എറണാകുളത്തും കോന്നി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. മറിയം വര്‍ക്കിയെ ആലപ്പുഴയിലും മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലാക്കി.
മറ്റ് മാറ്റങ്ങള്‍ (നിലവിലെ തസ്തിക, പേര്, പ്രിൻസിപ്പലായി നിയമിക്കുന്ന മെഡിക്കല്‍ കോളേജ്).
കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫ. ഡോ. പി കെ ബാലകൃഷ്ണൻ ഇടുക്കി മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ. ഗീത – മഞ്ചേരി മെഡിക്കല്‍ കോളേജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ആര് എസ് നിഷ കോന്നി മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫ. ഡോ. വി അനില്‍കുമാര്‍ -വയനാട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ. മല്ലിക ഗോപിനാഥ് – കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ. ടി കെ പ്രേമലത കണ്ണൂര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സ്പെഷ്യല്‍ ഓഫീസറായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ഡി മീനയെയും ജോയിന്റ് ഡിഎംഇയായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ഗീതാ രവീന്ദ്രനെയും നിയമിച്ചു.