കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിൽ 28 ന്
ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും എട്ടാം ദിനമായ 28 ന് ഉച്ചക്ക് 2 ന് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ടീമും യുവാക്കളുടെയും ടീമും തമ്മിൽ ജില്ല വടംവലി അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം നടക്കും, തുടർന്ന് ജില്ല കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന കരാട്ടെ കായിക പ്രകടനം, ജില്ല വുഷു അസോസിയേഷൻ സംഘടിപ്പിക്കുന്ന വുഷു കായിക പ്രകടനം, ജില്ലാ തായ്ക്വാൻഡോ അസോസിയേഷൻ സംഘടിപ്പിക്കുന്ന തായ്ക്വാൻഡോ കായികപ്രകടനം, ജില്ലാ ജൂഡോ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂഡോ കായിക പ്രകടനം, ജില്ല ആംറസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി കായിക പ്രകടനം, ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബോഡി ബിൽഡിംഗ് ഷോ, ഒളിമ്പ്യന്മാരും ദേശീയ അന്തർദേശീയ കായിക പ്രതിഭകളും കായികാധ്യാപകരും കായിക താരങ്ങളും ചേർന്നുള്ള സൗഹൃദ സദസ്സ് , തുടങ്ങിയവ നടക്കും. ആറുമണിക്ക് മൂന്നാറിൽ നിന്ന് കാൽവരിമൗണ്ടിൽ എത്തുന്ന മാരത്തണിനെ സ്വീകരിക്കും.
തുടർന്ന് വേദിയിൽ നടക്കുന്ന പൊതുസമ്മേളനം കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ് ജില്ലാ സുവർണ്ണ ജൂബിലി സമാപന സന്ദേശം നൽകും. കായിക അധ്യാപകരെ ആദരിക്കൽ, ഡോക്യുമെന്ററി പ്രകാശനം, തുടങ്ങിയവയും ഇതോടൊപ്പം നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിനേഷ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി അനിൽകുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ ജോസഫ്, ഒളിമ്പ്യന്മാരായ ഷൈനി വിൽസൺ, കെ.എം ബീന മോൾ, കെ.എം ബിനു, പ്രീജ ശ്രീധരൻ, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും ജില്ലയിലെ കായികതാരങ്ങളും സ്പോർട്സ് കൗൺസിൽ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.