അദാനിക്ക് വീണ്ടും തിരിച്ചടി; നഷ്ടം 4.17 ലക്ഷം കോടി, സമ്പന്ന പട്ടികയിൽ ഏഴാമത്
മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി മൂല്യം ഇടിഞ്ഞതിന് പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടുന്നുവെന്ന യുഎസ് ഫോറൻസിക് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പ് അദാനി പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു.
വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം അദാനിയുടെ ആസ്തി 96.5 ബില്യൺ ഡോളറാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്ത അദാനി ഗ്രൂപ്പിന്‍റെ കമ്പനികളുടെ മൂല്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 4.17 ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത ഏഴ് കമ്പനികളുടെ ഓഹരികളും വെള്ളിയാഴ്ച കനത്ത നഷ്ടം നേരിട്ടു. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന ഹിൻഡൻബർഗിന്‍റെ പ്രസ്താവന നഷ്ടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. അദാനി ടോട്ടൽ ഗ്യാസിന്‍റെ ഓഹരികൾ 20 % ഇടിഞ്ഞു. അദാനി ട്രാൻസ്മിഷൻ 19.99 %വും അദാനി ഗ്രീൻ എനർജി 19.99 %വും അദാനി എന്‍റർപ്രൈസസ് 18.52 %വും ഇടിഞ്ഞു.
അദാനി പോർട്സ് 16.03 %വും അദാനി വിൽമർ, അദാനി പവർ എന്നിവ 5% വീതവും ഇടിഞ്ഞു. അടുത്തിടെ അദാനി ഏറ്റെടുത്ത അംബുജ സിമന്‍റ്സ് 17.16 ശതമാനവും എസിസി 13.04 ശതമാനവും ഇടിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് വിപണി മൂല്യത്തിൽ നിന്ന് 4,17,824.79 കോടി രൂപ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അദാനി ടോട്ടൽ ഗ്യാസിന്‍റെ വിപണി മൂല്യം 1,04,580.93 കോടി രൂപയും അദാനി ട്രാൻസ്മിഷന്‍റെ വിപണി മൂല്യം 83,265.95 കോടി രൂപയും കുറഞ്ഞു.