മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് ആശ്വാസമാകുന്നു


ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് ആശ്വാസമാകുന്നു.
മുല്ലപ്പെരിയാറില്‍ 139.55 അടിയായിരുന്ന ജലനിരപ്പ് 139.20 അടിയായായാണ് കുറഞ്ഞത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലെങ്കിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കാം. മുല്ലപ്പെരിയാറില്‍ നിന്നും ഒഴുകിവരുന്ന വെള്ളം സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. മഴ കുറഞ്ഞതോടെ പെരിയാറില്‍ ജലനിരപ്പ് രണ്ടടി താഴ്ന്നിട്ടുണ്ട്.
അതേസമയം കേരളത്തില്‍ നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. ഇടുക്കി മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരള തീരത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്