ടെറസില്‍ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനില്‍ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു


കുമരകം: ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനില്‍ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു.
ഇടുക്കി ചെറുതോണി കരിമ്ബന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍ (24) ആണു മരിച്ചത്. സൂരി ഹോട്ടലിലെ ജീവനക്കാരനാണ്. 10 മാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു.
സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേക്കു നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വൈദ്യുതക്കമ്ബിയിലും കടയുടെ ബോര്‍ഡിലും തട്ടി റോഡിലേക്കു വീഴുകയായിരുന്നു. ശബ്ദം കേട്ട സുഹൃത്തുക്കള്‍ എത്തി അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.