വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയില്‍ ഉരുള്‍പൊട്ടി ഒരു വീടും രണ്ട് ഇരുചക്രവാഹനവും നശിച്ചു


അടിമാലി: വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയില്‍ ഉരുള്‍പൊട്ടി ഒരു വീടും രണ്ട് ഇരുചക്രവാഹനവും നശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെങ്കുത്തായ പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ച 1.40നാണ് നാടിനെ നടുക്കിയ സംഭവം. പണ്ടാരപ്പടി വള്ളിമഠത്തില്‍ പങ്കജാക്ഷി ബോസിെന്‍റ വീടാണ് തകര്‍ന്നത്. ഉരുള്‍പൊട്ടി വന്നപ്പോള്‍ പങ്കജാക്ഷിയും മക്കളായ ലിബിനും ബിബിനും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവര്‍ കിടന്നുറങ്ങിയ ഭാഗത്തിനോട് ചേര്‍ന്ന് ഇരുവശവും ഒലിച്ചുപോയി. ഇവര്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടശേഷമാണ് ബാക്കി ഭാഗവും തകര്‍ന്നത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വിലപ്പെട്ട രേഖകളും നശിച്ചു.
ഇവരുടെ അയല്‍വാസി വല്ലനാട്ട് രവീന്ദ്രെന്‍റ വീടിനും ഭാഗികമായി കേടുപാട് സംഭവിച്ചു. രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയായിരുന്നെങ്കിലും ചൊവ്വാഴ്ച മഴയുടെ ശക്തി അല്‍പം കുറഞ്ഞു. പ്രദേശത്ത് 17 കുടുംബങ്ങളെ ഗവ. ഹൈസ്‌കൂളിലെ ക്യാമ്ബിലേക്ക് മാറ്റി. അപകടകരമായി ഒരു മലയുടെ ഭാഗം നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവരെ മാറ്റിയത്. ഇവിടേക്കുള്ള വൈദ്യുതി, ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടു. കൂടാതെ കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ റോഡില്‍ കല്ലാര്‍കുട്ടിക്ക് സമീപം മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു.
എ. രാജ എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, റവന്യൂ സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 2018ലെ പ്രളയത്തില്‍ പണ്ടാരപ്പടിയുടെ താഴ്ഭാഗത്ത് ഉള്‍പ്പെടെ ഉരുള്‍പൊട്ടി വ്യാപകനാശം ഉണ്ടായിരുന്നു.