പേര് ജില്ല ആശുപത്രിയെന്നൊക്കെയാണെങ്കിലും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും : കാരിക്കോട് ജില്ല ആശുപത്രിയിലെ പഴയ ബ്ലോക്ക് മന്ദിരമാണ് ചോരുന്നത്
തൊടുപുഴ: പേര് ജില്ല ആശുപത്രിയെന്നൊക്കെയാണെങ്കിലും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. കാരിക്കോട് ജില്ല ആശുപത്രിയിലെ പഴയ ബ്ലോക്ക് മന്ദിരമാണ് ചോരുന്നത്.മേല്‍ക്കൂര ചോരുന്നതിനാല്‍ ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും മഴക്കാറുനോക്കി ഓടിനടക്കേണ്ട സ്ഥിതിയാണ്.
ഒ.പി കെട്ടിടത്തിന്‍റെ മേല്‍ക്കൂര കാലപ്പഴക്കം മൂലം തകര്‍ന്നതോടെയാണ് ചോര്‍ന്നൊലിച്ചു തുടങ്ങിയത്. ചോര്‍ച്ച തടയാന്‍ ഓടുമേഞ്ഞ കെട്ടിടത്തിനു മുകളില്‍ പടുത വലിച്ചുകെട്ടിയിരിക്കുകയാണ്. മേല്‍ക്കൂര ചിലയിടത്തൊക്കെ ദ്രവിച്ച് അപകടാവസ്ഥയിലുമാണ്.
പരിശോധന നടത്തുന്ന മുറികളില്‍ മേല്‍ക്കൂരയില്‍നിന്ന് ചോര്‍ന്നൊലിക്കുന്ന വെള്ളം കെട്ടിനില്‍ക്കാറുണ്ട്. പലപ്പോഴും ജീവനക്കാര്‍ വെള്ളം കോരിക്കളഞ്ഞതിനു ശേഷമാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. സീലിങ് നിര്‍മിച്ചിരിക്കുന്ന പലകകളും പട്ടികകളും ദ്രവിച്ച് ഏതുനിമിഷവും താഴേക്കുവീഴുന്ന നിലയിലാണ്. രോഗികളുടെ ജീവന് ഭീഷണിയായി മാറിയിട്ടും കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി നടത്താനൊന്നും ആരും നടപടി സ്വീകരിച്ചിട്ടില്ല.
അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കും വാര്‍ഡുകളും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതിനായി ഏഴുനില മന്ദിരം നിര്‍മിച്ചിട്ടുണ്ട്. കോവിഡ് വാര്‍ഡും പ്രവര്‍ത്തിക്കുന്നത് ഇതിലാണ്. കാലപ്പഴക്കം ചെന്ന ഒ.പി മന്ദിരം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ജില്ല പഞ്ചായത്തും ആരോഗ്യവകുപ്പും നഗരസഭയും ജനപ്രതിനിധികളും ഇടപെട്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.