ആദിവാസി യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ തടഞ്ഞുവെക്കുകയും പണം കവരുകയും ചെയ്തതായി പരാതി
അടിമാലി: രാത്രിയില്‍ വീട്ടിലേക്കുപോകാന്‍ കഴിയാതെ ടൗണില്‍ കുടുങ്ങിയ ആദിവാസി യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ തടഞ്ഞുവെക്കുകയും പണം കവരുകയും ചെയ്തതായി പരാതി.
അടിമാലി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
അടിമാലി പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ഇളംബ്ലാശ്ശേരി അഞ്ച്കുടി ആദിവാസി കോളനിയിലെ മുത്തു രാമകൃഷ്ണന്‍, സതീഷ് കൊച്ചുവെള്ളാന്‍ എന്നിവരുടെ കൈവശമിരുന്ന 10,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുനിയറയില്‍ തടിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് ഇവര്‍ രാത്രി അടിമാലിയിലെത്തിയത്.
എന്നാല്‍, അവസാന ബസും പോയിരുന്നു. ടൗണില്‍ കുറേസമയം ചെലവഴിച്ചെങ്കിലും വാഹനങ്ങളൊന്നും കിട്ടിയില്ല. പിന്നീട് ദേശീയപാതയിലൂടെ സഞ്ചരിച്ച് എക്‌സൈസ് റേഞ്ച് ഓഫിസ് ഇരിക്കുന്ന അമ്ബലപ്പടിയിലെത്തി. ഇതിനിടെ ശക്തമായ മഴപെയ്തു.
ഇതോടെ റേഞ്ചിന് മുന്നില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വകുപ്പ് വാഹനത്തില്‍ കയറി മഴനനയാതെ ഇരുന്നു. ഇതിനിടെ എത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പണം വാങ്ങിയെടുത്തശേഷം ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. മുത്തു രാമകൃഷ്ണന്‍ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണം ആരംഭിച്ചതായി അടിമാലി പൊലീസ് പറഞ്ഞു.