മന്ത്രി സജി ചെറിയാനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തറിന് കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. പ്രസംഗം വിശദമായി പരിശോധിച്ച ശേഷമാണ് കേസ് എടുക്കുകയെന്ന് ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തർ പറഞ്ഞു.
ഏറ്റവും കൂടുതൽ ആളുകളെ കൊള്ളയടിക്കാൻ ശേഷിയുള്ള ഭരണഘടനയാണ് ഇന്ത്യയിലുളളതെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഭരണഘടനയോട് കൂറ് പുലർത്തിയ മന്ത്രി അതേ ഭരണഘടന നിഷേധിച്ച സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിരുന്നു. സർക്കാരിനെയാണ് വിമർശിച്ചതെന്നും ഭരണഘടനയെയല്ലെന്നും ഖേദം പ്രകടിപ്പിച്ചെന്നും സജി ചെറിയാൻ മുഖ്യമന്ത്രിക്ക് നേരിട്ടും പിന്നീട് നിയമസഭയിലും വിശദീകരിച്ചു.
മന്ത്രിക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഭരണഘടനയെയും ഭരണഘടനയുടെ ശിൽപികളെയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്ക് നിവേദനം നൽകി. യുഡിഎഫ്, ബിജെപി നേതാക്കളും പരാതി നൽകി. വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല. മന്ത്രി കൂടി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ നടക്കും. വൈകീട്ട് മന്ത്രിസഭാ യോഗവും ചേരും. ഈ യോഗങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്റെയും തീരുമാനം വ്യക്തമാകും.