കേരള ന്യൂസ്
പൊതുസേവന മികവിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ ഭരണപരിഷ്കാര-പൊതുപരാതി പരിഹാര വകുപ്പ് സമർപ്പിച്ച നാഷണൽ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെൻറ് പ്രകാരം കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യ ക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ ഇ-ഗവേണൻസിലൂടെയുള്ള പൊതു സേവനങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്മെൻറ് റിപ്പോർട്ട് തയ്യാറാക്കിയത്.
വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതിനാലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ഏറ്റവും ഉയർന്ന സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞത്.