വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതിയില്‍ രഹസ്യവാദം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ രഹസ്യവാദം. സർക്കാർ അഭിഭാഷകൻറെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി ബന്ധമില്ലാത്തവരോട് പുറത്ത് പോകാൻ നിർദേശം നൽകി. വിജയ് ബാബുവിൻറെ അറസ്റ്റ് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവിൻറെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും പരിഗണിച്ചത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും പരാതിക്കാരിയായ നടിയുമായി തനിക്ക് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്ന മൊഴി വിജയ് ബാബു ആവർത്തിച്ചു. അതിനിടെ പരാതിക്കാരിയായ പുതുമുഖത്തെ കൂടാതെ വ്യാജവാഗ്ദാനം നൽകി പ്രതികൾ മറ്റ് ചിലരെ കബളിപ്പിച്ചെന്നതുൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ലൈംഗിക പീഡനക്കേസിൻ പുറമെ അതിജീവിതയുടെ പേർ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതി പിൻവലിക്കാൻ നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ നീക്കത്തെ എതിർത്ത വിജയ് ബാബു കോടതി നിർദ്ദേശപ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുവെന്ന് പറഞ്ഞു.