നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു : കാറിൽ ഉണ്ടായിരുന്ന നാലു പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വണ്ണപ്പുറം ∙ ആലപ്പുഴ മധുര ദേശീയ പാതയുടെ ഭാഗമായ ചേലച്ചുവട് റോഡിൽ നാൽപതേക്കർ വളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന നാലു പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തിനു വന്ന കാർ തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് അപകടത്തിൽ പെട്ടത്. സംസ്ഥാന പാത അപകടങ്ങളുടെ താഴ്‌വാരം ആയി മാറിയിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം അനവധി അപകടങ്ങളാണ് ഈ റൂട്ടിൽ ഉണ്ടാകുന്നത്.
പലതും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും ഉള്ള റോഡാണിത്. ശാസ്ത്രീയമായ പഠനമില്ലാതെ പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച റോഡിന്റെ താഴ്ഭാഗത്ത് ഒട്ടേറെ വീടുകൾ ഉണ്ട്. മുകളിൽ നിന്ന് താഴേക്ക് വരുന്ന വാഹനങ്ങൾക്ക് അൽപം നിയന്ത്രണം തെറ്റിയാൽ അപകടം ഉണ്ടാകും. ഈ റോഡിൽ കള്ളിപ്പാറ ഭാഗത്ത് വളവുകളും ഇറക്കങ്ങളും മൂലം അപകടങ്ങൾ പെരുകുകയാണ്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഹൈറേഞ്ച് നിന്ന് വന്ന ഒരു കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാറിൽ ഇടിച്ചു നിന്നു. അൻപതോളം യാത്രക്കാരുണ്ടായിരുന്നു ബസിൽ. രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ എവിടെയാണെന്ന് പോലും കണ്ടു പിടിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ആറു മണിക്ക് ശേഷം റോഡിൽ ഇരുട്ടാണ്. വഴി വിളക്കുകൾ ഒന്നും തന്നെ ഇല്ല. അനവധി തവണ നാട്ടുകാർ പല ജനപ്രതിനിധികളെയും കണ്ടു റോഡിന്റെ അപകടാവസ്ഥയെ കുറിച്ച് പറയും.
എന്നാൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടം ബ്രേക്ക് നഷ്ടപ്പെട്ടത് മൂലമാണെന്നാണ് പൊലീസ് നിഗമനം. അപകടം ഉണ്ടായ ഉടൻ ഹൈവേ പൊലീസും, കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്ഐ ബിജു ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തി നാട്ടുകാർക്കൊപ്പം രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.