ടാങ്കർ ലോറി അപകടത്തിൽപെട്ടു : ഒഴുവായത് വൻ ദുരന്തം
മൂലമറ്റം : കട്ടപ്പനയ്ക്ക് ഇന്ധനം നിറച്ച പോയ ടാങ്കർ ലോറി കരിപ്പലങ്ങാടിന് സമീപം അപകടത്തിൽപെട്ടു. ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഇന്ധനം നിറച്ച് പോവുകയായിരുന്ന ടാങ്കർ ലോറി കരിപ്പലങ്ങാടിന് സമീപം വളവിൽ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി. ഒരു ടയർ റോഡിനു പുറത്തു പോയി.
മണ്ണിടിഞ്ഞതിനെ തുടർന്ന് പുതിയതായി സംരക്ഷണഭിത്തി കെട്ടുകയായിരുന്ന വളവിലാണ് നിയന്ത്രണം വിട്ട ലോറി തെന്നി മാറി അപകടത്തിലായത്. മുൻവശത്തെ ടയറുകൾ മണ്ണിൽ താഴ്ന്നുപോയതിനാൽ അപകടമുണ്ടായില്ല. 500 അടിയിലേറെ താഴ്ചയുള്ള കൊക്കയുടെ സമീപത്താണ് ലോറി അപകടത്തിൽപെട്ടു നിന്നത്. ഇതിനു താഴ് വശത്തായി ഒട്ടേറെ വീടുകളും ഉണ്ട്.
അപകടം ഉണ്ടായതോടെ ലോറിയുടെ ഡ്രൈവർ അടുത്ത ബസിൽ മൂലമറ്റത്ത് എത്തി ക്രെയിൻ വിളിച്ചുകൊണ്ടു വരികയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ കുളമാവ് പൊലീസ് അറിയിച്ചതനുസരിച്ച് മൂലമറ്റം ഫയർഫോഴ്സ് എത്തി ലോറി താഴേക്കു മറിയാതെ വടത്തിൽ കെട്ടി നിർത്തിയിരിക്കുകയായിരുന്നു. രാത്രി വൈകിയും ടാങ്കർ ലോറി കരകയറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു.