കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണം : റോഡ് നിർമാണം വൈകുന്നു.
രാജകുമാരി ∙ കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണം 92% പൂർത്തിയായെങ്കിലും വനം വകുപ്പിന്റെ കൈവശമുള്ള 3.2 കിലോമീറ്റർ ഇതുവരെ വിട്ടു നൽകാത്തത് മൂലം റോഡ് നിർമാണം വൈകുന്നു. ദേവികുളം ഗ്യാപ്, ആനയിറങ്കൽ, മൂലത്തുറ എന്നിവിടങ്ങളിലായുള്ള 3.2 കിലോമീറ്റർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇതുവരെ ആരംഭിക്കാത്തത്. ഇന്നത്തെ മന്ത്രി സഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കൊച്ചി–ധനുഷ്കോടി ദേശീയ പാത നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും വനം വകുപ്പിന്റെ അധീനതയിലുള്ള 3.2 കിലോമീറ്റർ റോഡ് എത്രയും വേഗം ഏറ്റെടുത്ത് നിർമാണം നടത്താനും മാസങ്ങൾക്ക് മുൻപ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി വനം വകുപ്പിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് നിർമാണം നടത്തുമെന്ന് ദേശീയപാത വിഭാഗം അധികൃതർ വ്യക്തമാക്കിയെങ്കിലും തുടർ നടപടികൾ വൈകി.
2022 മാർച്ചിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു പൊതുമരാമത്ത് വിഭാഗത്തിന്റെ നിർദേശം. ഏപ്രിൽ പകുതിയോടെ റോഡിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് ദേശീയ പാത വിഭാഗം അന്ന് വ്യക്തമാക്കിയത്. എന്നാൽ ഇനിയും 3 മാസം കൂടി വേണമെന്നാണ് ദേശീയ പാത വിഭാഗം അധികൃതർ ഇപ്പോൾ പറയുന്നത്.