സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്ധനവില വര്‍ദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
നിരക്ക് വര്‍ദ്ധന ഉറപ്പു നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം വൈകുന്നെന്ന് ബസുടമകള്‍ പറഞ്ഞു.
മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും ബാധിക്കും. അതേസമയം തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 62 ബസുകളാണ് സര്‍വീസ് നടത്തുന്നത്.
യാത്രാനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതല്‍ വര്‍ദ്ധിപ്പിക്കണമെന്ന് കാര്യത്തില്‍ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം