സ്വകാര്യ ബസ് സമരം: കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് നടത്തും.
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ 24-ാം തീയതി മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് നടത്തും.നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള മുഴുവൻ ബസുകളും സർവീസ് നടത്തുവാൻ സി.എം.ഡി. നിർദേശം നൽകി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.സർവീസ് നടത്തും.എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാർക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാനും നിർദേശം നൽകി.യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതിന് യൂണിറ്റ് അധികാരികളെയും ദീർഘദൂര സർവീസുകൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർമാരെയും ചുമതലപ്പെടുത്തി. എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം പോലീസ് സഹായം തേടണമെന്നും സി.എം.ഡി. അറിയിച്ചു.