സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചു…
കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചു. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. അതിനിടെ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്നു പാക്ക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.
കടലാസിന്റെ വിലമാത്രമുള്ള നോട്ടുകള്‍. എത്ര പണം നല്‍കിയാലും അരിയും പലവ്യഞ്ജനങ്ങളും കിട്ടാനില്ലാത്ത അവസ്ഥ. ഇന്ധനം തീര്‍ന്ന് നടുറോഡുകളില്‍ നിശ്ചലമാകുന്ന കാറുകളും ടാക്സികളും. സമാനതകളില്ലാത്ത ദുരന്തത്തിലേക്കു രാജ്യത്തെ തള്ളിവിട്ട പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളാണ് കൊളംബോയില്‍ എങ്ങും ആഭ്യന്തര കലാപത്തിന്റെ വക്കിലാണു ശ്രീലങ്ക.
പൂര്‍ണമായി ഇറക്കുമതിയെ ആശ്രയിക്കുന്ന ദ്വീപ് രാജ്യത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം വില കുത്തനെകൂടി. മണിക്കൂറുകള്‍ വരി നിന്നാലും പെട്രോളും പാചക വാതകവും കിട്ടാനില്ല. കൊളംബോ തുറമുഖത്തെത്തിയ 1500 കണ്ടെയ്നര്‍ ഭക്ഷണ വസ്തുക്കള്‍ കപ്പലില്‍ നിന്ന് ഇറക്കാനായിട്ടില്ല.
കടത്തുകൂലി ഡോളറില്‍ വേണമെന്നു കപ്പല്‍ കമ്പനികള്‍ വാശിപിടിക്കുകയാണ്. എന്നാല്‍ ഇന്ത്യ വായ്പയായി നല്‍കിയ പണം മാത്രമേ സര്‍ക്കാരിന്റെ കൈവശമുള്ളൂ. അവ രൂപയില്‍തന്നെ വിനിമയം നടത്തണമെന്നാണു കരാര്‍. ഡീസലില്ലാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ അഞ്ചുമണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി. വന്‍തോതില്‍ അഭയാര്‍ഥികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പാക്ക് കടലിടുക്കില്‍ തീരസംരക്ഷണ സേന നിരീക്ഷണം ശക്തമാക്കിയത്.