സംസ്ഥാനത്ത് ഉടൻ പവർകട്ട് ഉണ്ടാകില്ല; വൈദ്യുതി ഉപഭോഗം കുറച്ചു ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്. അതേ സമയം ആറ് മണി മുതല്‍ പത്ത് മണി വരെയുള്ള വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി അറിയിച്ചു.
വേനല്‍ ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുത ഉപയോഗം സര്‍വകാല റെക്കോഡിലെന്നാണ് കണക്കുകള്‍. എന്നാല്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇത്തവണ വെള്ളം വളരെ സൂക്ഷിച്ചാണ് ഉപയോഗിച്ചത്. ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളമുണ്ടെന്നും മന്ത്രി പറഞ്ഞു.
പലരും പീക് അവറിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ഈ സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചാല്‍ വേനല്‍കാലം പവര്‍കെട്ടില്ലാതെ മുന്നോട്ട് കൊണ്ട് പോവാമെന്നും അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ അത് കൂടുതല്‍ ഗുണകരമാവുമെന്നും മന്ത്രി മീഡിയവണ്ണിനോട് പറഞ്ഞു.
കേരളം ഹൈഡ്രല്‍ പ്രൊജക്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒരു വര്‍ഷം കൊണ്ട് തന്നെ 198 മെഗാവാള്‍ട്ടിന്റെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ സോളാറടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. പീക്ക് അവറില്‍ വൈദ്യുതിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വൈദ്യുതി നിയന്ത്രണമോ പവര്‍ക്കട്ടോ നടപ്പാക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി