ഇടുക്കിയിൽ വാക്ക് തർക്കത്തിനിടെ ജ്യേഷ്ഠനെ വെടി വച്ചു: അനിയൻ ഒളിവില്‍
ഇടുക്കി: സഹോദരന് നേരെ വെടി വച്ച് മാങ്കുളം സ്വദേശി. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് വെടി വയ്പ്പിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ അനിയൻ ജേഷ്ഠന് നേരെ എയർ ഗൺ ഉപയോഗിച്ച് വെടി ഉതിർക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ മാങ്കുളം കുരിശുപാറ സ്വദേശി സിബി ജോർജ് അടിമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിസതേടി.
കഴിഞ്ഞ ദിവസം രാത്രിലാണ് സഹോദരങ്ങളായ സിബിയും സാന്‍റോയും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. സാന്‍റോയുടെ സുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തർക്കം രൂക്ഷമായതോടെ സിബിക്ക് നേരെ സഹോദരൻ എയർ ഗൺ ഉപയോഗിച്ച് മൂന്ന് വട്ടം വെടി വച്ചു. കഴുത്തിനു വെടിയേറ്റ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് അന്നനാളം വഴി ശ്വാസകോശത്തിലേക്ക് എത്തിയ പെല്ലറ്റ് അഞ്ചു മണിക്കൂർ നീണ്ടുനിന്ന ശാസ്ത്രക്രിയയിലൂടെ പുറത്ത് എടുത്തു. സിബി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. സംഭവത്തിൽ 307 വകുപ്പ് പ്രകാരം ഉടുമ്പൻചോല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരൻ സാൻറ്റോ നിലവിൽ ഒളിവിലാണ്. രണ്ട് മാസത്തിനുള്ളിൽ എയർ ഗൺ ഉപയോഗിച്ചുള്ള രണ്ടാമത്തെ വെടി വയ്പ്പാണ് ഇടുക്കിയിൽ നടക്കുന്നത്. കഴിഞ്ഞമാസം ബി.എൽ റാമിൽ വഴിതർക്കത്തെ തുടർന്ന് വെടി വപ്പ് നടന്നിരുന്നു.