ജനജീവിതം ദുസഹമാക്കിയുള്ള അടച്ചിടലിന്റെ കരിനിഴൽ വിട്ടു മാറാതെ കുമളി ടൗൺ;14 വരെ ട്രിപ്പിൾ ലോക് ഡൗൺ
കുമളി: ജനജീവിതം ദുസഹമാക്കിയുള്ള അടച്ചിടലിന്റെ കരിനിഴൽ വിട്ടു മാറാതെ തേക്കടിയുടെ പ്രവേശന കവാടമായ കുമളി ടൗൺ. തേക്കടി ബോട്ട് ദുരന്തവും പുല്ല്മേട് ദുരന്തവുമെല്ലാമായി ഒന്നിനു പുറകെ ഒന്നായി ലോക് ഡൗണും ജലപ്രളയവുമായി നിരവധി തവണ കുമളിയിൽ പ്രതിസന്ധിയുടെ കരിനിഴൽ വീണു.നിരവധി തവണയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത്. എല്ലാത്തിനും ഒടുവിൽ ഗ്രാമ പഞ്ചായത്തിലെ ഇരുപത് വാർഡുകളും കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക് ഡൗണായി പ്രഖ്യാപിക്കയും ചെയ്തു. 14 വരെയാണ് ട്രിപ്പിൾ ലോക് ഡൗൺ.
ഇത് കുമളിയിലെ വ്യാപാര മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒന്നുപോലെ ടെസ്റ്റ് പോസിറ്റി നിരക്ക് ഉയർന്നതിലും ജനങ്ങൾ ആശങ്കയിലാണ്. ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടുകളിലെ പിഴവാണോ ഇരുപത് വാർഡുകളിലും ഒന്നടങ്കം ട്രിപ്പിൾ ലോക് ഡൗണിന് കാരണമായെതെന്ന സംശയവും നിലനിൽക്കുന്നു. വാർഡുതലത്തിൽ പരിശോധനകൾ നടന്നിരുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. പോസിറ്റിവിറ്റി നിരക്ക് വാർഡ് അടിസ്ഥാനത്തിൽ കണ്ടെത്തി നിരക്ക് കൂടിയ വാർഡുകളിൽ അടച്ചിടലാക്കിയാൽ ജനങ്ങൾക്ക് ആശ്വാസമാകും.
തുടർച്ചയായുണ്ടാകുന്ന അടച്ചിടൽ ഒരു നാടിന്റെ മുഴുവൻ സാമ്പത്തിക തകർച്ചക്കാണ് കാരണമാകുന്നതെന്നും ആക്ഷേപം ഉയരുന്നു