കോട്ടമല, ബോണാമി തേയില തോട്ടങ്ങൾ തുറക്കണം;ഹൈറേഞ്ച് പ്ലാൻ്റേഷൻ എംപ്ലോയിസ് യൂണിയൻ
വാഗമൺ: 2009 നവംബർ മാസം തൊഴിലാളികൾ ആനുകൂല്യം ചോദിച്ചതിൻ്റെ പേരിൽ ഉടമ പ്രവർത്തനം നിർത്തിപ്പോയ കോട്ടമല, ബോണാമി തേയില തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈറേഞ്ച് പ്ലാൻ്റേഷൻ എംപ്ലോയിസ് യൂണിയൻ വാഗമൺ മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ശമ്പള കുടിശിഖ , ലീവ്കാശ്, മെഡിക്കൽബില്ല്, കമ്പിളി അലവൻസ്, ഗ്രാറ്റുവിറ്റി തുക അടക്കമുള്ള വലിയ സംഖ്യ തന്നെ തൊഴിലാളികൾക്ക് മുടങ്ങിയ സാഹചര്യത്തിലാണ് യൂണിയൻ രംഗത്ത് വന്നത്.
ഈ കാലയളവിൽ പണം ഇല്ലാത്തതിൻ്റെ പേരിൽ ഉടമ തോട്ടത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. പിന്നീട് ലേബർ വകുപ്പിൻ്റെ വിവിധ വകുപ്പുകളുമായി ചർച്ച നടത്തിയെങ്കിലും ഈക്കാലമത്രയും ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ തൊഴിൽ വകുപ്പ് മന്ത്രി റ്റി.ആർ രാമകൃഷ്ണൻ പീരുമേട്ടിലെ അടഞ്ഞ തോട്ടങ്ങൾ സന്ദർശനം നടത്തുകയും തൊഴിലാളികൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകുകയും വിവിധ തലത്തിൽ പഠനസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
ഇതോടെ തൊഴിലാളികളുടെ പ്രതീക്ഷകൾ മങ്ങി. അഞ്ഞൂറോളം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി കുടിശിഖ കമ്പനി ഉടമ കൊടുക്കുന്നതിലും വീഴ്ച വരുത്തി. ഇതിനിടെ നൂറുകണക്കിന് തൊഴിലാളികൾ മരണപ്പെട്ടു. ജീവിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും വിവിധ രോഗത്തിൻ്റെ പിടിയിലും കഴിയുകയാണ് . തുച്ഛമായ പെൻഷൻ തുകയിൽ ജീവിതം തള്ളിനീക്കുന്ന കുറേ തൊഴിലാളികൾ കേസ് നൽകി ഗ്രാറ്റുവിറ്റി ലഭിച്ചു.
തോട്ടം തുറക്കുന്നതിൽ മുൻ എം.എൽ.എ ഒന്നും തന്നെ ചെയ്തില്ലായെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തിരമായി തോട്ടങ്ങൾ തുറുവാൻ നടപടികൾ സ്വീകരിക്കണമെന്നും ഹൈറേഞ്ച് പ്ലാൻ്റേഷൻ എംപ്ലോയിസ് യൂണിയൻ വാഗമൺ മേഖലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.