നടപടിയാണ് ആവശ്യം: വാഗ്ദാനമല്ല സാറേ വേണ്ടത് ;ഓൺലൈനിൽ പഠിക്കാൻ ആകാതെ വിദ്യാർത്ഥികൾ


മാങ്കുളം : എസ്.ടി. കുട്ടികളുടെ ഓൺലൈൻ പഠനത്തിന് എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് സർക്കാർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും കുറത്തിക്കുടിയിൽ എല്ലാം വാഗ്‌ദാനത്തിൽ ഒതുങ്ങുന്നു. അധ്യയന വർഷം ആരംഭിച്ച് ഒരുമാസം കഴിഞ്ഞെങ്കിലും ഇവിടത്തെ 120 കുട്ടികളുടെ പഠനം പ്രതിസന്ധിയിലാണ്. മൊബൈൽ ഫോണുകൾക്ക് ഒന്നിനും നെറ്റ് വർക്ക് ഇല്ലാത്ത കുറത്തിക്കുടിയിൽ എങ്ങനെ ഓൺലൈൻ പഠനം നടത്തും എന്നതിൽ അധികൃതർ മറുപടി നൽകുന്നില്ല. മൊബൈൽ ടവർ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് പലതവണ കുടിക്കാർ പരാതി നൽകിയെങ്കിലും നടപടികൾ മാത്രമില്ല.
അടിമാലി പഞ്ചായത്ത് ഒന്നാം വാർഡ് ആയ കുറത്തിക്കുടിയിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന 120 കുട്ടികൾ ഉണ്ട്. ഡിഗ്രിക്ക് പഠിക്കുന്നത് മൂന്നു പേരാണ്. പ്ലസ് ടു വിന് നാലുപേരും എസ്.എസ്.എൽ.സി.ക്ക് 12, ഒമ്പതാം ക്ലാസിൽ 11, എട്ടാം ക്ലാസിൽ 17 എന്നിങ്ങനെയാണ് കുട്ടികളുള്ളത്. വിവിധ ട്രൈബൽ സ്കൂളുകളിൽ പഠിക്കുന്ന ഈ കുട്ടികൾ എല്ലാം ഇപ്പോൾ കുടിയിൽ ഉണ്ട്. അധ്യയന വർഷം ആരംഭിച്ച ഉടൻ തന്നെ ഓൺലൈൻ പഠനം തുടങ്ങിയെങ്കിലും ഇവിടെയുള്ള കുട്ടികൾക്ക് മാത്രം ഒരു മാർഗവുമില്ല.
കുറത്തിക്കുടിയിൽ ഒരു ഫോണിനും നെറ്റ് വർക്ക് ഇല്ല. കഴിഞ്ഞ വർഷം സാമൂഹിക പഠനമുറി ഉപയോഗിച്ച് വിക്ടർ ചാനലിലെ ക്ലാസ് കാണുകയാണ് ചെയ്തത്. പിന്നെ അധ്യാപകർ നേരിട്ട് വന്ന് കുട്ടികൾക്ക് പാഠഭാഗങ്ങൾ നൽകി പഠനത്തിന് സഹായം ചെയ്തിരുന്നു. ഇത്തവണ കുടിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സാമൂഹിക പഠനമുറി തുറന്നിട്ടില്ല. ഫലത്തിൽ ഇത്തവണ കുട്ടികൾക്ക് ഒരു തരത്തിലുള്ള പഠനത്തിനും കഴിയുന്നില്ല. മിക്ക കുട്ടികളുടെയും വീട്ടിൽ സ്മാർട്ട് ഫോണുകൾ ഉണ്ട്. പക്ഷേ, നെറ്റ് വർക്ക് ഇല്ലാത്തതിനാൽ അവ കൊണ്ട് പ്രയോജനം ഇല്ല. കുറത്തിക്കുടിയിൽ ഒരു മൊബൈൽ ടവർ സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇനിയെങ്കിലും കണ്ണ് തുറക്കണം.