ഗൃഹനാഥനെ മോഷണ കുറ്റം ആരോപിച്ച് പോലീസ് മര്‍ദിച്ചതായി പരാതി
നെടുങ്കണ്ടം: ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭാര്യയെയും മക്കളെയും കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ ഗൃഹനാഥനെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അനേ്വഷണം ആരംഭിച്ചു. പരാതിക്കാസ്പദമായ സംഭവം നടന്ന ദിവസം സേ്റ്റഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഡിവൈ.എസ്.പി രേഖപ്പെടുത്തി. കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പോലീസ് ഗൃഹനാഥനെ സേ്റ്റഷനില്‍ വിളിച്ചു വരുത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥന്‍ കമ്പംമെട്ട് സേ്റ്റഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് മര്‍ദിച്ചതെന്നാണ് പാറത്തോട് മണികണ്ഠവിലാസം മണികണ്ഠന്‍ (36)ന്റെ പരാതി. സംഭവത്തെക്കുറിച്ച് മണികണ്ഠന്‍ പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ16നു രാത്രി 8.30നു തമിഴ്‌നാട്ടിലെ തേവാരം പനായിപ്പുറത്ത് താമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാനായി മണികണ്ഠന്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ പോകാനായി എത്തി. യാത്രക്കായി പാസുമുണ്ടായിരുന്നു. വാഹനത്തില്‍ ഡ്രൈവറടക്കം നാല് പേരും ഒപ്പം സഞ്ചരിച്ചിരുന്നു. ചെക്ക് പോസ്റ്റില്‍ യാത്ര രേഖ കാണിച്ച് ചെക്ക് പോസ്റ്റ് റജിസ്റ്ററില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുപോയി. കമ്പം അടിവാരത്ത് എത്തിയപ്പോള്‍ കമ്പംമെട്ട് സേ്റ്റഷനില്‍ നിന്നും ഒരു ഫോണ്‍ സന്ദേശമെത്തി. ചെക്ക് പോസ്റ്റിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ കാണാതായി. നിങ്ങളാണ് ഫോണ്‍ എടുത്തത്. നാളെ രാവിലെ സേ്റ്റഷനില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. പിറ്റേന്ന് രാവിലെ പത്തിന് മണികണ്ഠനും സുഹൃത്തുക്കളും സേ്റ്റഷനിലെത്തി. ഫോണ്‍ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മര്‍ദനം ആരംഭിച്ചു. മണികണ്ഠനെ മര്‍ദിക്കുന്നത് കണ്ടതോടെ സുഹൃത്തുക്കള്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാളുടെ കയ്യിലിരുന്ന ഫോണ്‍ പോലീസ് വാങ്ങി. കാണാതായ ഫോണും മണികണ്ഠന്റെ സുഹൃത്തുക്കളുടെ കൈവശമിരുന്ന ഫോണും തമ്മില്‍ സാമ്യം ഉണ്ടായിരുന്നു. ഈ ഫോണ്‍ പോലീസ് പരിശോധിച്ച ശേഷം മടക്കി നല്‍കുകയും ചെയ്തു. ചെക്ക് പോസ്റ്റിലെ സി.സി. ടി.വി. പരിശോധിച്ചപ്പോള്‍ മണികണ്ഠന്‍ ചെക്കു പോസ്റ്റില്‍ കുനിഞ്ഞ് എന്തോ എടുക്കുന്നത് കണ്ടതാണ് സംശയത്തിന്റെ കാരണം. താഴെപ്പോയ താക്കോലാണ് മണികണ്ഠന്‍ എടുത്തത്. ഈ സംഭവമാണ് മര്‍ദനത്തിനു കാരണമായത്.