കുടുംബശ്രീ ബാങ്ക് വായ്പ: നടക്കുന്നത് വന്‍ തട്ടിപ്പുകളെന്ന് വിവരം
ബാങ്കുകള്‍ കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പകളുടെ മറവില്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ ജില്ലയിലും നിരീക്ഷണം ശക്തം.
കൊച്ചിയില്‍ വ്യാജ രേഖകള്‍ ചമച്ച് കോടികള്‍ തട്ടിയെടുത്ത സംഭവം പുറത്ത് വന്നതോടെയാണ് കുടുംബശ്രീകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്.
നിലവില്‍ സംസ്ഥാന വ്യാപകമായി കുടുംബശ്രീകള്‍ വഴി നല്‍കുന്ന വായ്പാ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ഇടുക്കി ജില്ലയിലെ വിവിധ സി.ഡി.എസുകളും സംശയ നിഴലിലുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കുടുംബശ്രീകള്‍ക്ക് വിതരണം ചെയ്യുന്നതിനായി കോടികളുടെ വായ്പകളാണ് ബാങ്കുകള്‍ അനുവദിക്കുന്നത്. കൃത്യമായി തിരിച്ചടക്കുമെന്നതാണ് ബാങ്കുകള്‍ക്കുള്ള നേട്ടം.
അതാത് പഞ്ചായത്തുകളിലെയോ, നഗരസഭകളിലെയോ സി.ഡി.എസുകള്‍ വഴിയാണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
ഇതിന്റെ മറവിലാണ് തട്ടിപ്പ് സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്.
ഇല്ലാത്ത കുടുംബശ്രീകളുടെ പേരില്‍ പോലും വായ്പയെടുത്ത് പണം തട്ടുന്ന വന്‍ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ചില സി.ഡി.എസ് നേതൃത്വങ്ങളും നോഡല്‍ ഓഫീസര്‍മാരും തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ചില സി.ഡി.എസ് നേതൃത്വത്തിലിരിക്കുന്ന അംഗങ്ങളുടെ വരുമാന ശ്രോതസ് അടക്കം നിരീക്ഷണത്തിലാണ്.
കൊച്ചിയില്‍ വാര്‍ഡ് മെമ്പര്‍മാരുടെ അടക്കം വ്യാജ രേഖകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. കോടികളാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
ഇടുക്കിയില്‍ വായ്പ അനുവദിക്കുന്നതില്‍ കമ്മിഷന്‍ പറ്റുന്ന സി.ഡി.എസ്, കുടുംബശ്രീ നേതൃത്വങ്ങളും രംഗത്തുണ്ടെന്നാണ് വിവരം.
വന്‍ തുകയുടെ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കിന് നേട്ടമാണ്. ഇതിനാല്‍ വായ്പയെടുക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ക്ക് കമ്മിഷന്‍ നല്‍കുന്നതും പതിവാണ്.
വായ്പാ തുകയില്‍ നിന്നാണ് ഈ തുക കമ്മിഷനായി നേതൃത്വം നല്‍കുന്നവര്‍ വീതം വച്ചെടുക്കുന്നത്.
ഈ തുക അംഗങ്ങളുടെ തിരിച്ചടവില്‍ നിന്നും ഈടാക്കുകയാണ് പതിവ്.
സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സബ് സിഡിയും പലിശ ഇളവുകളും അംഗങ്ങളെ അറിയിക്കാതെ തട്ടിയെടുക്കുന്നതായും വിവരമുണ്ട്.
തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്‍ബലവുമുണ്ട്.