സമയം നീട്ടിയില്ല; പാന്‍ അസാധുവായി, ഇനിയെന്തു ചെയ്യും?
പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പലതവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവായി. അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്‍ കൈവശമുണ്ടെങ്കിലേ അതൊക്കെ നടക്കൂ. പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായിടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവയും നല്‍കേണ്ടിവരും.
ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല.