കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണം. മൂന്നാം ക്ലാസുകാരിക്ക് ജാൻവിക്ക് ആക്രമണത്തിൽ പരുക്കേറ്റു. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ, കൊല്ലത്ത് സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാർഥികൾക്ക് നേരേയും തെരുവ് നായ ആക്രമണമുണ്ടായി. കൊല്ലം ചാത്തിനാംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ വൈകീട്ട് 4 മണിയോടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർഥി ആദിലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലം ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ മറ്റു പോംവഴികൾ ഇല്ല, അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന് എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ അപേക്ഷ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്. കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. തെരുവ് നായ് അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.