ആദിപുരുഷിനെതിരെ പൊലീസിൽ പരാതിയുമായി ഹിന്ദു മഹാസഭ
ആദിപുരുഷിനെതിരെ പരാതിയുമായി ഹിന്ദു മഹാസഭ. ലക്നൗ പൊലീസിലാണ് ഹിന്ദു മഹാസഭ പരാതിനൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ പ്രവർത്തകർ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ടു. അമ്പലത്തിൽ ഒരുമിച്ചുകൂടിയ പ്രവർത്തകർ സിനിമയ്ക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി ജാഥ നടത്തി. സിനിമ പ്രദർശിപ്പിക്കുന്ന ഒരു മാളിൽ എത്തിയ ഇവർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. സിനിമയുടെ സംവിധായകൻ, നിർമാതാവ്, അഭിനേതാക്കൾ എന്നിവർക്കെതിരെയാണ് ഹിന്ദു മഹാസഭ പരാതിനൽകിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
സമാജ്‌വാദി പാർട്ടി നേതാക്കളും ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ‘ആദിപുരുഷ്’ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു. ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ചിത്രം. സിനിമയുടെ നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ. രാമനും ലക്ഷ്‌മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണൻ ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാൻ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറിൽ കാണിച്ചിരുന്നു. ടീസർ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിൻ്റെ പേരിൽ അണിയറ പ്രവർത്തകർക്ക് രൂക്ഷമായ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രെയിലറിൽ ടീസറിനെക്കാൾ മികച്ച വിഎഫ്എക്സ് കാണാൻ കഴിഞ്ഞു.
ആദിപുരുഷ് സിനിമ നേപ്പാളിലെ രണ്ട് തീയറ്ററുകളിൽ നിന്ന് പിൻവലിച്ചു. സീതയെ ‘ഇന്ത്യയുടെ മകൾ’ എന്ന് പരാമർശിച്ചതുൾപ്പെടെയുള്ള സംഭാഷണങ്ങൾ വിവാദമായതിനെ തുടർന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചത്.