‘മോദി ഭരണകൂടത്തിന്റെ ഏകാധിപത്യ ശൈലിയുടെ തനിയാവർത്തനം’; അഖിലക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സുധീരൻ
തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് നടപടി വിചിത്രമാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. പിണറായി സർക്കാർ അനുവർത്തിച്ചു വരുന്ന ഫാസിസ്റ്റ് ശൈലിയുടെ വികൃതമായ പ്രതിഫലനമാണ് കേസെടുത്ത നടപടി. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെയുള്ള, ഒരുകാരണവശാലും ന്യായീകരിക്കാനാവാത്ത ഈ കടന്നുകയറ്റം മോദി ഭരണകൂടത്തിന്റെ ഏകാധിപത്യ ശൈലിയുടെ തനിയാവർത്തനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെയും ഭരണകക്ഷിക്കാരുടെയും അവരുടെ പിണിയാളുകളുടെയും തെറ്റായ ചെയ്തികൾക്കെതിരെ ധീരമായി പോരാടുന്ന കെ.എസ്.യു നേതൃത്വത്തിന്റെ വായ്മൂടിക്കെട്ടാനുള്ള വിഫലമായ ശ്രമമാണ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെയുള്ള പോലീസ് നടപടി. അങ്ങേയറ്റം അപലപനീയമായ ഇത്തരം ദുഷ്കൃത്യങ്ങളിൽ നിന്നും ഭരണകർത്താക്കളും അവരുടെ ആജ്ഞാനുവർത്തികളായ പോലീസും പിന്തിരിഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.