പിസിബിയുടെ ഭീഷണി ഫലം കണ്ടു! ഏഷ്യാ കപ്പ് ക്രിക്കറ്റ് ഹൈബ്രിഡ് മോഡലില്‍; ഇന്ത്യയുടെ മത്സരങ്ങളുടെ വേദി അറിയാം
ലാഹോര്‍: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താനാണ് പദ്ധതി. ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ ആ മത്സരവും ശ്രീലങ്കയില്‍ നടക്കും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ തീരുമാനം അറിയിക്കും. അടുത്തിടെ പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിനോട് നേരത്തെ യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ ടൂര്‍ണമെന്റ് ഒന്നാകെ നിഷ്പക്ഷ വേദിയില്‍ നടത്തുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ മാത്രമാണ് പാക് ബോര്‍ഡിന് മുന്നിലുണ്ടായിരുന്ന പോംവഴി. മറ്റൊരു വേദിയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പക്ഷം. ഇതോടെയാണ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്. ഏഷ്യാ കപ്പ് നടത്തുന്നതിനായി ആതിഥേയ ബോര്‍ഡായ പിസിബിയുടെ ചെയര്‍മാര്‍ നജാം സേഥിയാണ് ഹൈബ്രിഡ് മോഡല്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുകയും മറ്റ് ടീമുകളുടെ കളികള്‍ക്ക് പാകിസ്ഥാന്‍ തന്നെ വേദിയാവുന്നതുമായിരുന്നു സേഥിയുടെ ഹൈബ്രിഡ് മോഡല്‍. സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്നുറപ്പായതോടെയാണ് ഹൈബ്രിഡ് മോഡലിലേക്ക് പാകിസ്ഥാന്‍ തിരിഞ്ഞത്. എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയിലേക്ക് മാറ്റാനും പാകിസ്ഥാന്‍ തയ്യാറായില്ല. മത്സരങ്ങളെല്ലാം പാകിസ്ഥാന് പുറത്തേക്ക് മാറ്റണം എന്ന ബിസിസിഐയുടെ താല്‍പര്യത്തോട് ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ബോര്‍ഡുകള്‍ യോജിച്ചതോടെ വേദിയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ പൂര്‍ണ അനിശ്ചിതത്വത്തിലായി. ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുള്‍പ്പെടെ നാലോ അഞ്ചോ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നടത്താനുള്ള ചര്‍ച്ചകളും നടന്നിരുന്നു.