മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല; കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ മന്ത്രി പി രാജീവ്
കൊച്ചി: കൊച്ചിയിലെ മാലിന്യം തൽക്കാലം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മേയറോട് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ അക്കാര്യം ആലോചിക്കും. പ്രശ്നം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തദ്ദേശ മന്ത്രിയുടെയും കൂടി സാന്നിധ്യത്തിൽ യോഗം ചേരും. സ്വകാര്യ ഏജൻസികൾ കാര്യക്ഷമം അല്ലാത്ത സാഹചര്യത്തിൽ ബ്രഹ്മപുരത്തേയ്ക് മാലിന്യം കൊണ്ട് പോകുന്നതിനു സർക്കാരിനെ സമീപിക്കുമെന്നു കൊച്ചി മേയർ അറിയിച്ചിരുന്നു.
അതേ സമയം, ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ രംഗത്തെത്തിയിരുന്നു. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അതേസമയം മാലിന്യ സംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ എം അനിൽകുമാർ കൊച്ചിയിൽ പറഞ്ഞു.
കൊച്ചിയിൽ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ലെന്ന് കൊച്ചി മേയർ അനിൽ കുമാർ പറഞ്ഞു. പ്രതിസന്ധി സ്വാഭാവികമാണ്. ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. മാലിന്യ സംസ്കരണത്തിലെ ചെലവ് കുറയ്ക്കുന്നതും രീതിയിൽ വന്ന മാറ്റവും പലരെയും പ്രകോപിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് ഏജൻസികളാണ് മാലിന്യം ശേഖരിക്കുന്നത്. കൂടുതൽ മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നും ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും കോർപറേഷൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മേയർ അനിൽ കുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.