കേന്ദ്രവിഹിതം രണ്ട് വര്‍ഷമായി കുടിശ്ശിക , ഒരു വിഭാഗത്തിന് ക്ഷേമപെൻഷൻ ഇത്തവണയും തികച്ച് കിട്ടാനിടയില്ല
തിരുവനന്തപുരം:രണ്ട് വര്‍ഷത്തെ കുടിശിക തീര്‍ത്ത് നൽകുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെ ഇത്തവണയും സംസ്ഥാനത്തെ ഒരു വിഭാഗം പെൻഷൻകാര്‍ക്ക് ക്ഷേമപെൻഷൻ തികച്ച് കിട്ടാനിടയില്ല. കേന്ദ്ര വിഹിതം ചേര്‍ത്ത് നൽകേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാൽ പല വിഭാഗങ്ങളിലായി 200 മുതൽ 500 രൂപയുടെ വരെ കുറവാണ് പെൻഷൻ തുകയിൽ ഉണ്ടാകുക. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് ധനവകുപ്പ് അനുവദിച്ച തുക ജൂൺ എട്ട് മുതൽ കിട്ടിത്തുടങ്ങും .വാര്‍ധക്യ വിധവാ ഭിന്നശേഷി വിഭാഗങ്ങളിലെ നാല് ലക്ഷത്തി ഏഴായിരം പേര്‍ക്കള്ള പെൻഷൻ തുക കേന്ദ്ര വിഹിതം കൂടി ചേരുന്നതാണ്. വിവിധ വിഭാഗങ്ങളിലായി 200 രൂപ മുതൽ 500 രൂപവരെയാണ് കേന്ദ്രം പെൻഷൻ വിഹിതമായി നൽകുന്നത്. കേന്ദ്രം നൽകേണ്ട തുക കൂടി ഉൾപ്പെടുത്തിയാണ് ഇത്രയും പേര്‍ക്ക് 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്ത് നൽകിക്കൊണ്ടിരുന്നത്. പെൻഷൻ വിതരണത്തിന് കേന്ദ്രം നൽകേണ്ട 475 കോടിയോളം രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള കുടിശികയുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് നൽകാൻ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം നേരിട്ട് നൽകാമെന്ന നിലപാടിലാണിപ്പോൾ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടിൽ നിന്ന് പണമെടുത്ത് വിതരണം ചെയ്ത് ആ തുക കേന്ദ്രം കുടിശിക വരുത്തിയാൽ പ്രതിസന്ധി കാലത്ത് ഇരട്ടി ബാധ്യതയാകുമെന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ധനമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്ന് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ സാമ്പത്തിക പ്രതിസന്ധികളിൽ കുരുങ്ങി മൂന്ന് മാസത്തെ കുടിശികയായതിന് പുറകെയാണ് ഒരുമാസത്തേക്കുള്ള തുക അനുവദിച്ചത്. 64 ലക്ഷം ഗുണഭോക്താക്കൾക്കായി 950 കോടി രൂപ അനുവദിച്ചത് ജൂൺ എട്ട് മുതൽ കിട്ടിത്തുടങ്ങും. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്ന് പോകുന്നത്. ക്ഷേമ പെൻഷൻ ഇനിയുമുണ്ട് രണ്ട് മാസത്തെ കുടിശിക