ധരിച്ചത് കോലിയുടെ ജേഴ്സി നമ്പര്‍, ഗില്ലിനെപ്പോലും പിന്നിലാക്കുന്ന നേട്ടവുമായി അഫ്ഗാന്‍റെ ഇബ്രാഹിം സര്‍ദ്രാന്‍
പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആധികാരികയ ജയം സ്വന്തമാക്കിയപ്പോള്‍ പോരാട്ടം നയിച്ചത് ഇബ്രാഹിം സര്‍ദ്രാന്‍ എന്ന 21കാരനായിരുന്നു. അഫ്ഗാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സര്‍ദ്രാന്‍ 98 പന്തില്‍ 98 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ അഫ്ഗാന് ജയത്തിന് 20 ഓവറില 100 റണ്‍സ് മതിയായിരുന്നു. അര്‍ഹിച്ച സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ കസുന്‍ രജിതയാണ് സര്‍ദ്രാനെ വീഴ്ത്തിയത്.
ഒമ്പത് ഏകദിന മത്സരങ്ങളിലും നാല് ടെസ്റ്റിലും 22 ടി20യിലും അഫ്ഗാനായി കളിച്ച സര്‍ദ്രാന്‍ ഏകദിനങ്ങളില്‍ ഇതുവരെ മൂന്ന് സെഞ്ചുറി നേടിക്കഴിഞ്ഞു. ഇന്നലെ രണ്ട് റണ്‍സകലെ സെഞ്ചുറി നഷ്ടമായിരുന്നില്ലെങ്കില്‍ അത് സര്‍ദ്രാന്‍റെ നാലാം സെഞ്ചുറിയാവുമായിരുന്നു. സിംബാബ്‌വെക്കെതിരെ 121, ശ്രീലങ്കക്കെതിരെ 106, 162 എന്നിങ്ങനെയാണ് 21കാരനായ സര്‍ദ്രാന്‍റെ ഏകദിന സെഞ്ചുറികള്‍. വിരാട് കോലിയുടെ ജേഴ്സി നമ്പറായ 18ാം നമ്പര്‍ ജേഴ്സി ധരിച്ചിറങ്ങുന്ന സര്‍ദ്രാന്‍ ഇന്നലെ 98 റണ്‍സടിച്ചതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. കരിയറിലെ ഒമ്പതാം ഇന്നിംഗ്സില്‍ ഏകദിന റണ്‍നേട്ടം 500 പിന്നിട്ടു. ഏകദിനങ്ങളില്‍ അതിവേഗം 500 റണ്‍സ് പിന്നിടുന്ന ലോകത്തിലെയും ഏഷ്യയിലെയും രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും സര്‍ദ്രാന്‍ ഇന്നലെ 98 റണ്‍സടിച്ചതോടെ സ്വന്തമാക്കി. ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നാണ് സര്‍ദ്രാന്‍ ഏകദിനങ്ങളില്‍ 500 റണ്‍സ് പിന്നിട്ടത്. ഏഷ്യന്‍ താരങ്ങളില്‍ ഈ നേട്ടത്തില്‍ പാക്കിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖിനൊപ്പമാണ് സര്‍ദ്രാന്‍ ഇപ്പോള്‍. ഏഴ് ഇന്നിംഗ്സില്‍ 500 റണ്‍സ് പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ ജാനെമാന്‍ മലന്‍ മാത്രമാണ് അതിവേഗം 500 റണ്‍സ് പിന്നിട്ട താരങ്ങളില്‍ സര്‍ദ്രാന് മുന്നിലുള്ളത്.
ഇന്ത്യന്‍ യുവ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ(10 ഇന്നിംഗ്സ്) പോലും പിന്നിലാക്കിയാണ് സര്‍ദ്രാന്‍ ഏഷ്യന്‍ താരങ്ങളില്‍ മുന്നിലെത്തിയതെന്നത് ശ്രദ്ധേയമാണ്. 2019ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അരങ്ങേറിയ സര്‍ദ്രാന്‍ 87 റണ്‍സടിച്ച് അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായിരുന്നു.