കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡിഷയിൽ; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കും
ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ച് കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നതായി അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡിഷയിൽ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഇതുവരെ മരണസംഖ്യ 233 ആയി. 900ലേറെ പേർക്കാണ് പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്.