ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം, രാജ്യത്ത് പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, സാധുത ഇല്ലാത്തതുമായ പതിനായിരത്തിലധികം വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കുക. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചണ് നടപടി. ഏപ്രില്‍ 25 ന് ശേഷമുള്ള ആദ്യഘട്ടത്തില്‍ 2500 പേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നഷ്ടമാകും. വര്‍ക്ക് പെര്‍മിറ്റ് നടപടികളിലെ 35ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് നടപടി. വര്‍ക്ക് പെര്‍മിറ്റുള്ളയാള്‍ പ്രത്യേക അനുമതിയില്ലാതെ ആറുമാസത്തിലധികം വിദേശത്ത് ആയിരുന്നാല്‍ പെര്‍മിറ്റ് ഓട്ടോമാറ്റിക് ആയി റദ്ദാക്കാനുള്ള വകുപ്പാണ് ഇത്. ജനറല്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് റെസിഡെന്‍സിയുടെ പ്രത്യേക അനുമതി എടുക്കാതെ വിദേശത്ത് ആയവരുടെ വര്‍ക്ക് പെര്‍മിറ്റാണ് റദ്ദാവുന്നതില്‍ ഏറിയ പങ്കുമെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്ത് ആയിരിക്കുന്ന സമയത്ത് വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവയും ഇത്തരത്തില്‍ റദ്ദാക്കും. വിദ്യാഭ്യാസവും മറ്റ് രേഖകളിലും കൃത്രിമത്വം കാണിച്ച് പെര്‍മിറ്റ് നേടിയവരുടേയും വര്‍ക്ക് പെര്‍മിറ്റ് ഇത്തരത്തില്‍ റദ്ദാക്കുന്നവയില്‍ ഉള്‍പ്പെടും. ഏറെ കാലമായി നടക്കുന്ന ഓഡിറ്റുകളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പിലാക്കുന്നത്. സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്സ്, അക്കൌണ്ടന്‍റ്സ് സൊസൈറ്റി എന്നിവയില്‍ നിന്നുള്ള വിവരങ്ങളും നടപടിക്കായി ശേഖരിച്ചിട്ടുണ്ട്. ഈ മാസം 2500 വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിലെ ആദ്യ തരംഗമെന്നാണ് നടപടിയെ വിലയിരുത്തുന്നത്.
അനധികൃത മാര്‍ഗങ്ങളിലൂടെ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കിയ പശ്ചാത്തലമുള്ള ആര്‍ക്കും തന്നെ ഇനി മേലില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്നും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി. റെസിഡന്‍സ് പെര്‍മിറ്റ് വിതരണവുമായി സംയോജിപ്പിച്ച് ഇ നടപടിയും മുന്നോട്ട് പോകും. തന്മൂലം വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെടുന്നവര്‍ സ്വാഭാവികമായും അനധികൃത താമസക്കാരായി മാറും. കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് നിയന്ത്രിക്കാനാണ് നീക്കമെന്നാണ് സൂചന.