പെന്‍ഷന്‍ തുക ഇനി ഒന്നിച്ച് കിട്ടില്ല; സംസ്ഥാനവും കേന്ദ്രവും വെവ്വേറെ നല്‍കും, ഈ മാസം മുതല്‍ പുതിയ പരിഷ്‌കാരം
ക്ഷേമപെന്‍ഷന്‍ ഇനി മുതല്‍ ഒറ്റയടിക്ക് ലഭിക്കില്ല. കേന്ദ്ര- സംസ്ഥാന വിഹിതങ്ങള്‍ പ്രത്യേകമായിട്ടാകും ഇനി മുതല്‍ ലഭിക്കുക. വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കാരം നടപ്പിലാക്കി. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് സൂചന.
മുമ്പ് എല്ലാവര്‍ക്കും 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെന്‍ഷന്‍ തുക നല്‍കി വരുന്നത്.
80 വയസ്സില്‍ താഴെയുള്ളവര്‍ക്കു ലഭിക്കുന്ന വാര്‍ധക്യപെന്‍ഷന്‍ തുകയില്‍ 1400 രൂപ സംസ്ഥാന സര്‍ക്കാരും 200 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ 1100 രൂപ സംസ്ഥാനം നല്‍കുമ്പോള്‍ 500 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
80 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്‍ഷനില്‍ 1300 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍, 300 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെന്‍ഷന്‍ തുകയില്‍ 1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്രസര്‍ക്കാറും നല്‍കി വരുന്നു. ഇത്തവണ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പെന്‍ഷന്‍ 1400 വീതമാണ് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിരുന്നത്.