ബ്രഹ്മപുരം വിഷപ്പുക ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത: ഐഎംഎ
കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. പക്ഷേ പുകയുടെ അളവും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യമേഖലയ്ക്ക് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ എസ് ശ്രീനിവാസ കമ്മത്തും സെക്രട്ടറി ഡോ ജോർജ് തുകലനും പറഞ്ഞു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിൽ വൻ തോതിൽ നിക്ഷേപിച്ചിരിക്കുന്ന പലതരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുകയോടൊപ്പം ആരോഗ്യത്തിന് ഹാനികരമായ മറ്റ് പല വാതകങ്ങളും അതിൽ നിന്ന് പുറത്തുവരുന്നു. അവ അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യുന്നു. പുക ശ്വസിച്ച് പ്ലാന്‍റിന് സമീപത്തുള്ളവർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. ചുമ, ശ്വാസതടസ്സം, മയക്കം, ഛർദ്ദി, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായി അയൽവാസികൾ ചികിത്സ തേടുന്നുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം വന്നില്ല. അതേസമയം, പുക ശ്വസിച്ച് നില വഷളായതിനെ തുടർന്ന് ആസ്ത്മ, സിഒപിഡി തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ള ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്.
എൻ 95 പോലുള്ള മാസ്കുകൾക്ക് അന്തരീക്ഷത്തിലെ പൊടിപടലങ്ങളെയും കണികകളെയും തടയാൻ കഴിയുമെങ്കിലും വാതകങ്ങളെ പ്രതിരോധിക്കാനാവില്ല. കാർബൺ ഉൾപ്പെടെയുള്ള പുകയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും വാതകങ്ങളും പരിസ്ഥിതിയെ ബാധിക്കും. ഇവ ക്രമേണ ജലാശയങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വീഴുമ്പോൾ അവ പിന്നീട് ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മനുഷ്യരിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യം ഫലപ്രദമായി തടയണമെന്നും ഐഎംഎ സയന്‍റിഫിക് അഡ്വൈസർ ഡോ.രാജീവ് ജയദേവൻ പറഞ്ഞു. വിഷപ്പുക അണയ്ക്കാൻ നേതൃത്വം നൽകുന്ന അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവർക്ക് വൈദ്യപരിശോധന നടത്താൻ ഐഎംഎ കൊച്ചി തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു.