അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങൾ; ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തിയത്. രാവിലെ 10.30ന് ക്ഷേത്രപരിസരത്തുള്ള പണ്ഡാര അടുപ്പിൽ തീ തെളിയുന്നതോടെ നഗരത്തിലുടനീളം നിരത്തിയ അടുപ്പുകളിൽ പൊങ്കാല സമർപ്പണം ആരംഭിക്കും. കടുത്ത ചൂട് കണക്കിലെടുത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ 10.30 നാണ് അടുപ്പുവെപ്പ്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ദീപം തിടപ്പള്ളി, വലിയ തിടപ്പള്ളി എന്നിവിടങ്ങളിലെ പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം ദീപം സഹ മേൽശാന്തിക്ക് കൈമാറും. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. പണ്ഡാര അടുപ്പിൽ തയ്യാറാക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയത്ത് തന്നെ ഭക്തർ തയ്യാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം നൽകും.