പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു; പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും
കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു. നാളെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തി പുക ശമിപ്പിക്കാൻ വെള്ളം തളിക്കും. 30 അഗ്നിശമന സേനാ യൂണിറ്റുകളും 125 അഗ്നിശമന സേനാംഗങ്ങളും അഞ്ച് ദിവസമെടുത്താണ് തീ അണച്ചത്.
മാലിന്യത്തിനടിയിൽ നിന്നുയരുന്ന പുക അകറ്റാനുള്ള ശ്രമങ്ങൾ നാളെയും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാവികസേനയുടെയും വ്യോമസേനയുടെയും സേവനം നാളെയും തുടരും.
പുകയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, അങ്കണവാടികൾ, കിന്‍റർഗാർഡൻ, ഡേ കെയർ സെന്‍ററുകൾ എന്നിവ അടച്ചിടും. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.