ലൈഫ് മിഷൻ കേസ്; സി.എം.രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരാകില്ല
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. രവീന്ദ്രൻ നിയമസഭയിലെ ഓഫീസിലെത്തി. ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു ഇ.ഡിയുടെ നിർദ്ദേശം.
ഇന്ന് ഹാജരായില്ലെങ്കിൽ ഇ.ഡി നോട്ടീസ് നൽകുന്നത് തുടരും. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. ഫ്ളാറ്റ് നിർമ്മാണത്തിനായി യു.എ.ഇയിലെ റെഡ് ക്രസന്‍റ് സ്ഥാപനം കരാറുകാരനായ യൂണിടാക്കിന് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ഇ.ഡി കേസ്. സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
സ്വപ്നയുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് രവീന്ദ്രൻ സ്വീകരിച്ചത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ്പ് സംഭാഷണങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇഡി ചോദ്യം ചെയ്തേക്കും. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യലിന് വിഷയമായേക്കും. കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും ഇ.ഡി അന്വേഷിച്ചേക്കും.