പ്രവർത്തക സമിതിയിൽ 35 അംഗങ്ങൾ; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയ്യാറെന്ന് ഖാർഗെ


റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്ന് 35 ആയി ഉയർത്താൻ പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുൻ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും സമിതിയിൽ അംഗങ്ങളായിരിക്കും. സമിതിയിലേയ്ക്ക് അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഇന്നലെ ചേർന്ന കോൺഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. സമിതിയിലെ എല്ലാ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാൻ പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ടുള്ള പ്രമേയവും കമ്മിറ്റി പാസാക്കിയിരുന്നു.
അതേസമയം മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണമെന്നാണ് കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. ഭിന്നിച്ച് നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കരുത്. സമാന പ്രത്യയശാസ്ത്രമുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരു കുടക്കീഴിൽ വരണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
ബിജെപി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുകയാണ്. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയ്യാറാണെന്നും, സഹകരിക്കാൻ കഴിയുന്നവരുമായി സഹകരിക്കുമെന്നും ഖാർഗെ പറഞ്ഞു.